മണിപ്പൂരിലെ കാങ്പോക്പിയിൽ പ്രക്ഷോഭകർ റോഡ് തടസ്സപ്പെടുത്തിയപ്പോൾ
ഇംഫാൽ: കുക്കി വിഭാഗവും സുരക്ഷസേനയും ഏറ്റുമുട്ടലുണ്ടായ മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലടക്കം കുക്കി മേഖലകളിൽ തുടങ്ങിയ അനിശ്ചിതകാല ബന്ദ് സാധാരണ ജീവിതത്തെ ബാധിച്ചു.
കേന്ദ്ര സർക്കാർ നിർദേശപ്രകാരം ബസ് സർവിസ് പുനരാരംഭിച്ചതിന് പിന്നാലെ ശനിയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കുക്കി പ്രതിഷേധക്കാരിലൊരാൾ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും പൊലീസുകാരുമുൾപ്പെടെ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാസേനയുടെ അടിച്ചമർത്തലിനെതിരെ കുക്കി-സോ വിഭാഗമാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം ‘സ്വതന്ത്ര സഞ്ചാരം’ പ്രഖ്യാപിച്ചതിനെതുടർന്ന് ഇംഫാൽ-സേനാപതി റൂട്ടിലും ഇംഫാൽ-ചുരാചന്ദ്പൂർ പാതയിലും തുടങ്ങിയ ബസ് സർവിസാണ് കുക്കി വിഭാഗക്കാർ തടഞ്ഞത്. പ്രധാന റൂട്ടുകളിൽ ബി.എസ്.എഫിന്റെയും സി.ആർ.പി.എഫിന്റെയും സുരക്ഷയോടെയാണ് ബസ് സർവിസ് തുടങ്ങിയത്. സംഘർഷ പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാൻ വാഹന പട്രോളിങ്ങും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാത്രി വൈകിയും പ്രതിഷേധക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. സുരക്ഷാസേനക്കെതിരെ പ്രക്ഷോഭകർ കവണ ഉപയോഗിച്ച് കല്ലുകൾ എയ്തതായും സുരക്ഷാസേനയുടെ അഞ്ച് വാഹനങ്ങളുടെ മുൻവശം തകർന്നതായും അധികൃതർ പറഞ്ഞു. കുക്കി സോ കൗൺസിൽ ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദിന് കുക്കി-സോ സംഘടനയായ ഇൻഡിജെനസ് ട്രൈബൽ ലീഡേഴ്സ് ഫോറം പിന്തുണ അറിയിച്ചു. സുരക്ഷാസേന പ്രതിഷേധക്കാർക്കെതിരെ അമിതമായ ബലപ്രയോഗം നടത്തിയെന്ന് സംഘടന ആരോപിച്ചു.
കുക്കി പ്രതിഷേധക്കാരുടെ ആക്രമണങ്ങളിൽ 27 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും കൂറ്റൻ പാറകൾ സ്ഥാപിച്ച് റോഡുകൾ തടഞ്ഞതായും മണിപ്പൂർ പൊലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാസേനക്കുനേരെ വെടിയുതിർത്തെന്നും പൊലീസ് പറഞ്ഞു. രണ്ട് സുരക്ഷ ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമാണ്. മെയ്തി സംഘടനയായ ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി നടത്തിയ സമാധാന മാർച്ചിനെതിരെയും പ്രതിഷേധം ഉയർന്നു.
പത്തിലധികം വാഹനങ്ങൾ ഉൾപ്പെട്ട ജാഥ കാങ്പോക്പി ജില്ലയിൽ എത്തുന്നതിന് മുമ്പ് സെക്മായിയിൽ സുരക്ഷാസേന തടഞ്ഞു. അനുമതി ഇല്ലാത്തതിനാൽ ജാഥ നിർത്തിയതായി പൊലീസ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.