ഫാസിൽ വധം: മംഗളൂരുവിൽ നിരോധനാജ്ഞ, വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

മംഗളൂരു: വസ്ത്രവ്യാപാരിയായ മുഹമ്മദ് ഫാസിൽ (24) എന്ന യുവാവിനെ വെട്ടിക്കൊന്നതി​നെ തുടർന്ന് മംഗളൂരുവിൽ ജൂലൈ 30 വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ പനമ്പൂർ, ബജ്‌പെ, മുൽക്കി, സൂറത്ത്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി നൽകി.

സംഘർഷാവസ്ഥ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചു. എ.ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മംഗളൂരുവിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. വാഹനങ്ങൾ വിശദ പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. പനമ്പൂർ, ബജ്‌പെ, മുൽക്കി, സൂറത്ത്കൽ എന്നിവിടങ്ങളിലും പരിസരങ്ങളിലും ജൂലൈ 30 അർധരാത്രി വരെ നിരോധനാജ്ഞ തുടരുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു.

Full View

സൂറത്കലിലെ മംഗൽപേട്ട് സ്വദേശിയായ ഫാസിൽ തന്റെ കടയുടെ മുന്നിൽവെച്ചാണ് ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ആക്രമിച്ചത്.

കഴിഞ്ഞ 21ന് കാസർകോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദിനെ (19) സുള്ള്യയിൽ ഒരുസംഘം മ​ർദിച്ച് കൊലപ്പെടുത്തിയതോടെയാണ് ദക്ഷിണ കന്നഡയിൽ സംഘർഷാന്തരീക്ഷം ഉടലെടുത്ത്. കൂലിപ്പണിക്കായി സുള്ള്യ കളഞ്ചയിലെ ബന്ധു അബ്ദു മുക്രിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്ന മസൂദിനെ എട്ടംഗ സംഘം ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സംഘം പിന്തുടര്‍ന്ന് മർദിച്ചതായി പൊലീസ് പറഞ്ഞു. പുലർച്ചെ 1.30 ഓടെ സമീപത്തെ കിണറിന് അടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ മസൂദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ സുള്ള്യയിലെ സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് കഴിഞ്ഞ 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നട്ടാറിനെ മൂന്നംഗ സംഘം കൊലപ്പെടുത്തിയിരുന്നു. ഈ ​കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്ന് മുഹമ്മദ് ഷഫീഖി (27) നെയും ഹവേരി ജില്ലയിൽ നിന്ന് സക്കീറി (29) നെയുമാണ് പിടികൂടിയത്.

പ്രവീണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മംഗളൂരു സിറ്റി പൊലീസ് കമീഷണറുടെയും ഉഡുപ്പി പൊലീസിന്‍റെയും നേതൃത്വത്തിൽ ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് യുവമോർച്ച ആരോപിക്കുന്നത്. എന്നാൽ, ആരോപണം പോപുലർ ഫ്രണ്ട് നിഷേധിച്ചിരുന്നു.

Tags:    
News Summary - Mangaluru: Schools, colleges in Panambur, Bajpe, Mulki, Surathkal given holiday following murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.