ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വെച്ചാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്കു നേരെ ആക്രമണമുണ്ടായത്. പരാതി നൽകാനെന്ന വ്യാജേന എത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു. അതിനു ശേഷം അവരുടെ മുടി പിടിച്ചുവലിക്കുകയും ചെയ്തു.
രാജേഷ് ഖിംജി എന്നയാളാണ് ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ്. ഒരു നായ് സ്നേഹിയാണ് രാജേഷ് എന്നും അടുത്തിടെ തെരുവു നായ്ക്കൾക്കെതിരായ സുപ്രീംകോടതി വിധിയിൽ അസ്വസ്ഥനായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു. രാജേഷിന്റെ അമ്മ ബാനുവാണ് ഈ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്. തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. 41കാരനായ രാജേഷ് മുഖ്യമന്ത്രിയെ കാണാനെത്തിയത് അറസ്റ്റിലായ ബന്ധുവിന്റെ മോചനത്തിന് വഴിതേടിയാണെന്നും റിപ്പോർട്ടുണ്ട്. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
''എന്റെ മകൻ നായ് സ്നേഹിയാണ്. തെരുവുനായ്ക്കൾക്കെതിരായ സുപ്രീംകോടതി വിധിയിൽ രോഷാകുലനായിരുന്നു അവൻ. അതിനു ശേഷമാണ് പെട്ടെന്ന് ഡൽഹിയിലേക്ക് പോയത്. ഞങ്ങൾക്ക് അവിടെ നടന്നതിനെ കുറിച്ച് ഒന്നുമറിയില്ല''-രാജേഷ് ഖിംജിയുടെ അമ്മ ബാനു മാധ്യമങ്ങളോട് പറഞ്ഞു.
ചില രേഖകളുമായാണ് രാജേഷ് ഡൽഹി മുഖ്യമന്ത്രിയെ കാണാനെത്തിയതെന്ന് ദൃക്സാക്ഷികളും പറയുന്നുണ്ട്. സംഭാഷണത്തിനിടെ ഇയാൾ പെട്ടെന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും സംഭവത്തിന് സാക്ഷിയായവർ പറയുന്നു. എന്നാൽ അക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത രാജേഷ് ഖിംജിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്യുകയാണ്.
അതേസമയം, ഡൽഹി മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് ബി.ജെ.പി രംഗത്തുവന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള മുഖ്യമന്ത്രിയുടെ സേവനം എതിരാളികൾക്ക് സഹിക്കാൻ കഴിയുന്നില്ലെന്നാണ് സംഭവത്തിൽ ബി.ജെ.പി മന്ത്രി മജീന്ദർ സിങ് സിർസ പ്രതികരിച്ചത്.
ആക്രമണത്തെ ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അതിഷി അപലപിച്ചിരുന്നു.''ഡൽഹി മുഖ്യമന്ത്രി രേഖ ശർമക്കു നേരെ നടന്ന ആക്രമണം അപലപനീയമാണ്. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധവും വിയോജിപ്പും സാധാരണമാണ്. എന്നാൽ അക്രമത്തിന് അവിടെ സ്ഥാനമില്ല. അക്രമികൾക്കെതിരെ ഡൽഹി പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഡൽഹി മുഖ്യമന്ത്രി സുരക്ഷിതയാണെന്ന് പ്രതീക്ഷിക്കുന്നു''-എന്നായിരുന്നു അതിഷിയുടെ പ്രതികരണം.
മുഖ്യമന്ത്രിക്കു നേരെ നടന്ന ആക്രമണത്തിൽ സുരക്ഷ വീഴ്ചയെ കുറിച്ചും അന്വേഷണമുണ്ട്. ഡൽഹി പൊലീസ് കമീഷണർ എസ്.ബി.കെ. സിങ്ങിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.