ന്യൂഡൽഹി: യു.പിയിലെ മധുരയിൽ 22 കാരിയുടെ മൃതദേഹം സ്യൂട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. പെൺകുട്ടിയെ കൊലപ്പെടുത്തിയത് പിതാവ് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു ജാതിയിലുള്ള യുവാവിനെ മകൾ ആയുഷി ചൗധരി വിവാഹം കഴിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകൾ പതിവായി രാത്രിയിൽ പുറത്തു പോകാറുണ്ടായിരുന്നത് നിതേഷ് യാദവ് ശ്രദ്ധിച്ചിരുന്നു. അമ്മയുടെയും സഹോദരന്റെയും അറിവോടെയാണ് നിതേഷ് യാദവ് മകളെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
സ്യൂട്കേസ് ലഭിച്ചശേഷം, ഫോൺകോളുകൾ ട്രെയ്സ് ചെയ്തും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ആണ് പൊലീസ് കൊലപാതകത്തിന്റെ ചുരുൾ നിവർത്തിയത്. കൊല്ലപ്പെട്ട യുവതിയെ കണ്ടെത്താൻ ഡൽഹിയിൽ പോസ്റ്ററുകളും പതിച്ചിരുന്നു.
ഛത്രപാൽ എന്ന് പേരുള്ള മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ വിവാഹം കഴിച്ച കാര്യം ആയുഷി വീട്ടിലെ ആരോടും പറഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ യാദവ് ലൈസൻസുള്ള തോക്കുപയോഗിച്ച് മകളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതിനു ശേഷം മൃതദേഹം സ്യൂട്കേസിലാക്കി മധുരയിൽ ഉപേക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൊഴിലാളികൾ അസാമാന്യ വലിപ്പമുള്ള സ്യൂട്കേസിൽ ആയുഷിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും മുറിവുകളും രക്തത്തിന്റെ പാടുകളുമുണ്ടായിരുന്നു. യു.പി സ്വദേശിയായ യാദവ് ജോലിയാവശ്യാർഥമാണ് മൂന്നുവർഷം മുമ്പ് ഡൽഹിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.