ലഖ്നോ: ഹോട്ടലിൽ ആൺസുഹൃത്തിനൊപ്പം കണ്ട മകളെ പിതാവ് വെടിവെച്ചുകൊന്നു. വെടിവെപ്പിൽ ആൺസുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ അസംഗഢിലാണ്16 വയസുള്ള മകളെ തോക്കുപയോഗിച്ച് പിതാവ് വെടിവെച്ച് കൊന്നത്. വെടിയേറ്റ പെൺകുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മകളെയും ആൺസുഹൃത്തിനെയും ഒരുമിച്ച് കണ്ടതിലുള്ള പ്രകോപനമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
സ്കൂൾ വിട്ട ശേഷം പെൺകുട്ടിയും അകന്ന ബന്ധുവായ ആൺസുഹൃത്തും വഴിയരികിലെ ഹോട്ടലിൽ ഇരിക്കുകയായിരുന്നു. ഇരുവരെയും ഒരുമിച്ച് കണ്ട പെൺകുട്ടിയുടെ അമ്മ സ്ഥലത്തെത്തി എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് തൊട്ടുപിറകെ വന്ന പെൺകുട്ടിയുടെ പിതാവ് മകളെയും ആൺസുഹൃത്തിനെയും മർദിക്കാൻ തുടങ്ങി. പെൺകുട്ടിയുടെ അമ്മയും മറ്റ് ആളുകളും ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിതാവ് തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് മകളെയും ആൺസുഹൃത്തിനെയും ലക്ഷ്യമാക്കി വെടിയുതിർത്തത്. വെടിയൊച്ച കേട്ട് പരിഭ്രാന്തരായ ആളുകൾ പുറത്തേക്ക് ഓടി. തുടർന്ന് പെൺകുട്ടിയുടെ അമ്മയും വഴിയാത്രക്കാരും ചേർന്ന് പരിക്കേറ്റ ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും പരിക്ക് ഗുരുതരമായതിനാൽ വാരണാസിയിലെ ബി.എച്ച്.യു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ വാരണാസിയിൽ എത്തിച്ചപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ 20 കാരന്റെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഗ്രാഹക് സേവാ കേന്ദ്രം നടത്തി വരുന്നയാളാണ് പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തെ പിതാവ് എതിർത്തിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിക്ക് നേരെ വെടിയുതിർത്ത ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.