സെൽഫിയെടുക്കുന്നതിനിടെ യുവാവിനെ പുഴയിലേക്ക് തള്ളിയിട്ട് ഭാര്യ, രക്ഷപ്പെടുത്തി നാട്ടുകാർ; നിഷേധിച്ച് യുവതി

ബംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് യുവാവിന്‍റെ പരാതി. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം.

പുഴയില്‍വീണ യുവാവിനെ നാട്ടുകാർ രക്ഷിച്ച് കരക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് യുവാവ് ആരോപിച്ചത്. എന്നാൽ, ഭര്‍ത്താവിന്റെ ആരോപണം ഭാര്യ നിഷേധിച്ചു. സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ ഭർത്താവ് പുഴയിലേക്ക് വീണെന്നാണ് യുവതി പറയുന്നത്.

ഭാര്യ വീട്ടിൽനിന്ന് മടങ്ങിവരുന്നതിനിടെ ദമ്പതികൾ യാദ്ഗിറിലെ ഗുര്‍ജാപുര്‍ പാലത്തില്‍ സെൽഫിയെടുക്കാൻ ബൈക്ക് നിർത്തി. പാലത്തിന് സമീപത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കണമെന്ന് പറഞ്ഞ് ഭാര്യ നിർബന്ധിച്ച് ബൈക്ക് നിർത്തിച്ചെന്ന് യുവാവ് പറയുന്നു. കൃഷ്ണ നദിക്കു കുറുകെയുള്ള പാലത്തിൽ ബൈക്ക് നിർത്തിയശേഷം ഇരുവരും ഇറങ്ങി. പിന്നാലെ പാലത്തിന്‍റെ സുരക്ഷ ഭിത്തിക്കരികെ നിന്ന് നദിക്ക് അഭിമുഖമായിനിന്ന് സെല്‍ഫിയെടുക്കാൻ ഭാര്യ നിർബന്ധിച്ചു.

ഇത് വിശ്വസിച്ച താന്‍, നദിക്ക് അഭിമുഖമായി നിന്നതും ഭാര്യ തന്നെ തള്ളിയിട്ടെന്നും പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്നും യുവാവ് ആരോപിക്കുന്നു. ഒഴുക്കില്‍പ്പെട്ട യുവാവ് നദിയിലെ ഒരു പാറയില്‍ പിടിച്ചു കയറി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തി. കരക്കെത്തിയ യുവാവ് ഒപ്പമുണ്ടായിരുന്ന ഭാര്യയാണ് തന്നെ പാലത്തില്‍നിന്ന് തള്ളിയിട്ടതെന്ന് വെളിപ്പെടുത്തി.

അതേസമയം, ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം യുവതി നിഷേധിച്ചു. ഫോട്ടോയെടുക്കുന്നതിനിടെ ഭര്‍ത്താവ് അബദ്ധത്തില്‍ കാല്‍വഴുതി വീണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞത്.

Tags:    
News Summary - Man claims wife pushed him during selfie, rescued from river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.