ജലന്ധർ: 11കാരിയായ മകളുടെ മൃതദേഹം സംസ്കരിക്കാൻ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് തോളിലേറ്റി ശ്മശാനത്തിലേക്ക് നടന്നുപോകുന്ന ലോകത്തെ ഏറ്റവും ദൗർഭാഗ്യവാന്മാരിൽ ഒരാളായ ആ പിതാവിന്‍റെ വിഡിയോ കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ജലന്ധറിലെ റാംനഗറിൽ നിന്നുള്ള വിഡിയോ വിവാദമായതോടെ ഡെപ്യൂട്ടി കമ്മീഷണർ ഘനശ്യാം തോരി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. തന്‍റെ മകൾ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ആ പിതാവ് പറയുന്നത്. ആശുപത്രി അധികൃതർ കുട്ടി കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ, കുട്ടിക്ക് കോവിഡ് ഇല്ലായിരുന്നെന്നാണ് ജില്ലാ ഭരണകൂടം ഇപ്പോൾ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച അമൃത്സറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സോനു എന്ന 11കാരി മരിക്കുന്നത്. തിങ്കളാഴ്ച മകനെയും കൂട്ടി സോനുവിന്‍റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് നടക്കുന്ന പിതാവ് ദിലീപിന്‍റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മകൾക്ക് രണ്ട് മാസത്തോളമായി ദഹനക്കേട് ഉണ്ടായിരുന്നെന്നും അങ്ങിനെയാണ് അമൃത്സറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ദിലീപ് പറയുന്നു. ഞായറാഴ്ച അവൾ മരിച്ചു. കോവിഡ് പരിശോധനഫലം പോസിറ്റിവ് ആണെന്ന് ഡോക്ടർമാരും പറഞ്ഞു. എന്നിട്ടും ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് മൃതദേഹം കൊടുത്തുവിട്ടത്.
'ഞാൻ നിരക്ഷരനാണ്, ദരിദ്രനാണ്. എനിക്ക് കോവിഡ് പ്രോട്ടോകോൾ ഒന്നും അറിയില്ല. എനിക്ക് ഏരിയ കൗൺസിലറെയോ എം.എൽ.എയെയോ ബന്ധപ്പെടാനൊന്നും സമയമോ അറിവോ ഉണ്ടായിരുന്നില്ല. കോവിഡ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ അയൽവാസികളാരും ഞങ്ങളെ സഹായിച്ചുമില്ല. അമൃത്സർ ആശുപത്രിയിലെ ഒരു ക്ലാസ് ഫോർ ജീവനക്കാരൻ ആണ് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് നൽകിയത്. പി.പി.ഇ കിറ്റ് ഒന്നും നൽകിയില്ല. മരണസർട്ടിഫിക്കറ്റ് മാത്രമാണ് നൽകിയത്. ഒരു സംരക്ഷണ മാർഗങ്ങളുമില്ലാതെയാണ് മൃതദേഹം ശ്മാശനത്തിലേക്ക് കൊണ്ടുപോയതും സംസ്കരിച്ചതും. ആയിരം രൂപ ഒരാളിൽ നിന്ന് കടം വാങ്ങിയാണ് ഞാൻ മൃതദേഹം ദഹിപ്പിക്കുന്നതിന് ആവശ്യമായ വിറകും മറ്റും വാങ്ങിയത്'- ദിലീപ് പറയുന്നു.
അതേസമയം, സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ കുട്ടി മരിച്ചത് കോവിഡ് ബാധിച്ച് അല്ലയെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഘനശ്യാം തോരി പറയുന്നു. ജലന്ധർ സിവിൽ ഹോസ്പിറ്റലിൽ നിന്നാണ് പെൺകുട്ടിയെ അമൃത്സർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആംബുലൻസിലാണ് കൊണ്ടുപോയത്. മരിച്ചുകഴിഞ്ഞ് മൃതദേഹം ഇവരുടെ വീട്ടിലെത്തിച്ചതും ആംബുലൻസിലാണെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം സംസ്കരിക്കുന്നതിന് ദിലീപിന്‍റെ വീട്ടിൽ നിന്ന് ആരും സഹായം അഭ്യർഥിച്ചില്ലെന്ന് കോവിഡ് പേഷ്യന്‍റ് ട്രാക്കിങ് ഓഫിസർ ആയ നവനീത് കൗർ ബാൽ പറയുന്നു. എന്തായാലും ഇത്തരം ദാരുണ ദൃശ്യങ്ങൾ തുടർക്കാഴ്ചയാകുകയാണ് മഹാമാരിയുടെ ഈ രണ്ടാം തരംഗത്തിൽ. ഹിമാചല്‍ പ്രദേശില്‍ നിന്ന് അമ്മയുടെ മൃതദേഹവും ചുമലിലേറ്റി ശ്മശാനത്തിലേക്ക് പോകുന്ന മകന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. കാറിന് മുകളിൽ വെച്ച് കെട്ടിയും സ്കൂട്ടറിൽ ഇരുത്തിയുമൊക്കെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് സർവസാധാരണമാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.