കൊൽക്കത്ത: കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളിൽ നിന്ന് സാധാരണക്കാരെയും ഭരണഘടനയെയും സംരക്ഷിക്കണമെന്ന അഭ്യർഥനയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്ത ഹൈകോടതിയുടെ ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ വേദിയിലിരുത്തിയായിരുന്നു മമതയുടെ നാടകീയമായ അഭ്യർഥന. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും കോടതി ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ ഐ-പാക്ക് ഓഫിസിൽ നടന്ന ഇ.ഡി റെയ്ഡിൽ മമത ഇടപ്പെട്ടതിനെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ പരമാർശം വന്നതിനു പിന്നാലെയാണ് ഇത്. കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐ-പാക് സഹസ്ഥാപകൻ പ്രതീക് ജെയ്നിന്റെ ഓഫിസിൽ നടന്ന റെയ്ഡ് മുഖ്യമന്ത്രി നേരിട്ടെത്തി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചു ഇ.ഡി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ, മമത ബാനർജിക്കും ബംഗാൾ സർക്കാറിനും ഡി.ജി.പി രാജീവ് കുമാറിനും സുപ്രീംകോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് മിശ്ര, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഇ.ഡിയുടെ ആവശ്യത്തിലാണ് കോടതി നോട്ടീസ് നൽകിയത്.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ തന്ത്രങ്ങൾ ചോർത്താനാണ് ബി.ജെ.പി ഇ.ഡിയെ വിട്ട് റെയ്ഡ് നടത്തുന്നതെന്ന് മമത ആരോപിച്ചു. ഇതിനെതിരെ കൊൽക്കത്തയിൽ ആറു കിലോമീറ്റർ നീണ്ട വൻ പ്രതിഷേധ റാലി മുഖ്യമന്ത്രി നയിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതിനെ പ്രതിരോധിക്കാൻ തനിക്ക് അവകാശമുണ്ടെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബംഗാളിനെ പിടിച്ചെടുക്കാമെന്ന് ബി.ജെ.പി മോഹിക്കേണ്ടെന്നും അവർ റാലിയിൽ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ ബംഗാളിലെ ക്രമസമാധാന തകർച്ചയുടെ തെളിവാണെന്ന് ബി.ജെ.പി ആരോപിച്ചു. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി അന്വേഷണ ഫയലുകൾ കടത്തിക്കൊണ്ടുപോയത് ഭരണഘടന വിരുദ്ധമാണെന്നും ബി.ജെ.പി നേതാവ് സഞ്ജയ് സരാവഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.