അഹ്മദാബാദ്: ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദിലെ വദാജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൂച്ചയെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അറസ്റ്റുണ്ടായത്.
പൂച്ചക്ക് പാല് കൊടുക്കുന്നതിനിടെയാണ് 20കാരിയായ യുവതിക്ക് കടിയേറ്റത്. പിന്നീട് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ ഭർത്താവ് 21കാരൻ രാഹുൽ ദന്താനി വീട്ടിലെത്തി പൂച്ചയെ പിടികൂടി ചാക്കിലാക്കി സ്കൂട്ടറിൽവെച്ച് പുറത്തേക്ക് കൊണ്ടുപോയി. സഹാജ് ഹൈറ്റ്സ് അപ്പാർട്ട്മെന്റിന് സമീപമുള്ള അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എ.എം.സി) ഉടമസ്ഥതയിലെ മൈതാനത്ത് പൂച്ചയെ എത്തിച്ചു.
ഇയാളുടെ രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഒരാൾ പൂച്ചയുടെ കഴുത്തിൽ കാൽ വെക്കുകയും മറ്റൊരാൾ വലിയ കല്ലുകൊണ്ട് ആവർത്തിച്ച് അടിക്കുകയും ചെയ്തു. പൂച്ചയെ ചവിട്ടുകയും ഇതെല്ലാം മൊബൈലിൽ പകർത്തുകയും ചെയ്തു.
ഇവർ ചിത്രീകരിച്ച ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളുമടക്കം വൈകാതെ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അസ്വസ്ഥത ഉളവാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൃഗസംരക്ഷണ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ യുവാവ് അറസ്റ്റിലാകുകയും ചെയ്തു.
ദൃശ്യങ്ങളിൽ കാണുന്ന മൂന്ന് പേരിൽ ഒരാളായ ദന്താനിയെ തിരിച്ചറിഞ്ഞെന്നും മണിക്കൂറുകൾക്കുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.