മമത ബാനർജിയുടെ സഹോദരപുത്രി വീട്ടിൽ മരിച്ച നിലയിൽ; മരണം വിവാഹമോചന നടപടികൾക്കിടെ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരപുത്രി ബൃഷ്ടി മുഖർജി ഘട്ടക്കിനെ (28) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബിർഭൂം ജില്ലയിലെ രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിലാണ് സംഭവം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം രാംപുർഹട്ട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയായ ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബൃഷ്ടി മാനസികാരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിൽ ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇതിനിടെ വിവാഹമോചന നടപടികളും പുരോഗമിക്കുകയായിരുന്നുവെന്നും അവർ കുട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിലെ സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബൃഷ്ടിയുടെ പേര് നേരത്തേ ഉയർന്നിരുന്നു. നിയമവിരുദ്ധമായി അധ്യാപക ജോലി നേടിയെന്ന ആരോപണം നേരിട്ടിരുന്നുവെന്നും പിന്നീട് സർക്കാർ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

നേരത്തേ, തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും പശ്ചിമ ബംഗാൾ നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ രാംപൂർഹട്ടിലെ ഒരു പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഞ്ച് തവണ എം.എൽ.എ ആയിരുന്ന അദ്ദേഹം അഴിമതി ആരോപണങ്ങൾ നിഷേധിച്ച് എഴുതിയ കുറിപ്പ് കണ്ടെത്തിയിരുന്നു.

Tags:    
News Summary - Mamata Banerjees Niece Found Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.