തൊഴിലാളികളെ പി.എഫിൽ ചേർക്കാൻ പ്രത്യേക പദ്ധതി; സമയപരിധി 31 വരെ

കൊച്ചി: യഥാസമയം ചേർക്കാൻ വിട്ടുപോയ തൊഴിലാളികളെ നിബന്ധനകൾക്ക് വിധേയമായി ഇ.പി.എഫിൽ അംഗങ്ങളാക്കാൻ പ്രഖ്യാപിച്ച ‘എംപ്ലോയീസ് എൻറോൾമെന്റ് പദ്ധതി 2026’ന്റെ സമയപരിധി ഒക്ടോബർ 31ന് അവസാനിക്കും. 2009 ഏപ്രിൽ ഒന്നിനും 2026 മാർച്ച് 31നും ഇടയിൽ ചേർക്കാൻ വിട്ടുപോയവരും നിലവിൽ അതേ സ്ഥാപനത്തിൽ സേവനം തുടരുന്നവരുമായ ജീവനക്കാർക്ക് ഇ.പി.എഫ് അംഗത്വം നൽകുന്നതാണ് കേന്ദ്ര സർക്കാറും ഇ.പി.എഫ്.ഒയും ചേർന്ന് ആവിഷ്കരിച്ച പദ്ധതി.

ഇതുപ്രകാരം തൊഴിലുടമയുടെ വിഹിതവും പലിശയും മാത്രം അടച്ച് തൊഴിലാളികളുടെ ഇ.പി.എഫ് അംഗത്വം ക്രമീകരിക്കുകയും നിയമാനുസൃതമാക്കുകയും ചെയ്യാം. തൊഴിലാളികളിൽനിന്ന് ഇ.പി.എഫ് വിഹിതം പിടിച്ചിട്ടില്ലെങ്കിൽ അത് പൂർണമായും ഒഴിവാക്കും. സാധാരണ സാഹചര്യത്തിൽ ഇ.പി.എഫ് വിഹിതത്തിന്റെ 100 ശതമാനം വരെ പിഴ അക്കണം. എന്നാൽ, ഈ പദ്ധതി പ്രകാരം വെറും 100 രൂപ മാത്രമാണ് പിഴയായി സ്ഥാപനം അടക്കേണ്ടത്. ഈ കാലയളവിൽ യഥാസമയം ഇ.പി.എഫിൽ രജിസ്റ്റർ ചെയ്യാൻ വിട്ടുപോയ ഏത് സ്ഥാപനത്തിനും അവസരം പ്രയോജനപ്പെടുത്തി രജിസ്റ്റർ ചെയ്യാവുന്നതും തൊഴിലാളികൾക്ക് മുൻകാല പ്രാബല്യത്തോടെ അംഗത്വം നൽകാവുന്നതുമാണ്.

പദ്ധതി പ്രയോജനപ്പെടുത്താൻ, അംഗങ്ങളായി ചേർക്കുന്നവരുടെ ഡിക്ലറേഷൻ പ്രത്യേകം സജ്ജീകരിച്ച ഓൺലൈൻ പോർട്ടൽ വഴി സ്ഥാപനങ്ങൾ സമർപ്പിക്കണം. പുതുതായി ചേർക്കപ്പെടുന്നവർക്ക് ‘ഉമംഗ്’ അപ്ലിക്കേഷനിലൂടെ ഫേസ് ഓതന്റിക്കേഷൻ വഴി സാക്ഷ്യപ്പെടുത്തിയ യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ വേണം. തൊഴിലുടമകൾ അംഗങ്ങളെ ചേർക്കുന്നതിലും സ്ഥാപനങ്ങൾ ഇ.പി.എഫിൽ രജിസ്റ്റർ ചെയ്യുന്നതിലും വിമുഖത തുടർന്നാൽ ഇ.പി.എഫ് ചട്ട പ്രകാരവും പുതിയ തൊഴിൽ കോഡ് പ്രകാരവും നിയമനടപടി സ്വീകരിക്കുമെന്ന് പി.എഫ് റീജിനൽ കമീഷണർ റീന മേനോൻ അറിയിച്ചു.

Tags:    
News Summary - Special Scheme to Enrol Workers in PF; Deadline Until the 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.