ദിപ്കെയും നേഹ ബോറയും എവിടെ? ഡൽഹിയിൽ 150 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു; വിമർശിച്ച് മമതയും കെജ്‌രിവാളും അഖിലേഷും

ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധവുമായി എത്തിയ വിവിധ സംഘടനകളിൽ ഉൾപ്പെട്ട പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കf. 150 പേരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു.

സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയെ തിരംഗ മാച്ച് തുടങ്ങുംമുമ്പേ വീടിന് മുന്നിൽനിന്ന് കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ബാരഖമ്പ റോഡിലൂടെ കൊണാട്ട് പ്ലേസിലേക്ക് തിരംഗ മാർച്ച് നയിച്ച ‘ഐസ’ ദേശീയ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് അജഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇരുവരെയും കുറിച്ച് വിവരമില്ലെന്നും ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നും പൊലീസ് വിവരം നൽകുന്നില്ലെന്നും നേതാക്കൾ അറിയിച്ചു. പൊലീസിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഡൽഹി പൊലീസ് നടപടിയെ ചോദ്യം ചെയ്ത മമത, “ദേശീയ പതാക കൈവശം വെച്ചതിനാണ് അഭിജീത് ദിപ്‌കെയെ കസ്റ്റഡിയിലെടുത്തതെന്നും കുറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിൽ, ജനാധിപത്യപരമായ അവകാശങ്ങൾ സമാധാനപരമായി ഉന്നയിച്ചതിനാണ് നമ്മുടെ യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നും മമത വ്യക്തമാക്കി.

“വിയോജിപ്പുകളെ ഭയപ്പെടുന്ന ഒരു സർക്കാർ, ഒരു തലമുറയെ മുഴുവൻ നിശബ്ദരാക്കാൻ ഭീഷണിപ്പെടുത്തുകയാണ്. തങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ രീതിയാണിത്. അഭിജീത്, അശുതോഷ്, സൗരവ് -നിങ്ങൾ ഇന്ത്യയിലെ യുവത്വത്തിന്റെ ധൈര്യത്തെയും മനഃസാക്ഷിയെയും അഭിലാഷങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. ശബ്ദം അടിച്ചമർത്തിയതുകൊണ്ട് ഒരു തലമുറയെ മുഴുവൻ നിശബ്ദരാക്കാനാവില്ല.” -മമത എക്സിൽ കുറിച്ചു.

ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വിയോജിക്കാനുള്ള അവകാശത്തിനുമായുള്ള പോരാട്ടം തുടരുമെന്നും മമത കൂട്ടിച്ചേർത്തു. ഇത് ഏകാധിപത്യമാണെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി കെജ്‌രിവാൾ പ്രതികരിച്ചു. ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമാണോ? അഭിജീതിന്റെ അറസ്റ്റ് മോദിക്ക് അവരെ എത്രമാത്രം ഭയമാണെന്ന് വ്യക്തമാക്കുന്നതാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ന് ‘ഏകരംഗും’ ‘തിരംഗയും’ തമ്മിലുള്ള പോരാട്ടത്തിന്റെ ദിവസമാണെന്ന് അഖിലേഷ് പറഞ്ഞു.

നേരത്തെ, കേരളത്തിൽ നിന്നുള്ള സി.പി.എം എം.പിമാരായ ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, എ.എ. റഹിം, സി.പി.ഐ എം.പി സന്തോഷ് കുമാർ, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ കൊണാട്ട് പ്ലേസിന്റെ ഔട്ടർ സർക്കിളും കടന്ന് ഇന്നർ സർക്കിളിലെത്തി ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചിരുന്നു. വെള്ളിയാഴ്ച വൈകും വരെ പൊലീസ് വലയത്തിൽ കഴിഞ്ഞ ദീിപ്കെ അഞ്ച് മണിക്കുള്ള മാർച്ചിന് അണിനിരക്കാൻ വീട്ടിൽ നിന്നിറങ്ങിയപ്പോൾ തന്നെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതിന്ശേഷം രാജ്യസഭ എം.പി സഞജയ് സിംഗിന്റെ സൗത്ത് അവന്യൂവിലെ വസതിയിൽനിന്ന് ദേശീയ പതാകകളേന്തി കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട നൂറുകണക്കിന് ആം ആദ്മി പാർട്ടി പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിലെടുത്തു. അഭിജിത് ദിപ്കെയെ കൊണ്ടുപോയശേഷം ഡൽഹിയുടെ നാല്ഭാഗത്ത് നിന്നുമായി എട്ട് റോഡുകൾ വന്നുചേരുന്ന കൊണാട്ട് പ്ലേസിലേക്ക് വിവിധ കൈവഴികളിലൂടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരക്കാരെത്തിത്തുടങ്ങി.

സി.പി.ഐ (എം.എൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയുടെയും നേഹ ബോറയുടെയും നേതൃത്വത്തിൽ സമരക്കാർ മണ്ഡി ഹൗസിൽനിന്ന് ഫിറോസ് ഷാ റോഡിലൂടെ അടച്ചുകെട്ടിയ ജന്തർമന്തറിന് മുമ്പിലെത്തി. അവിടെനിന്ന് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത നേഹയെ സിവിൽ വേഷത്തിലുള്ള രണ്ട് അജഞാതർക്കൊപ്പം വാഹനത്തിൽ കയറ്റി മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഫോൺ പൊലീസ് പിടിച്ചെടുത്തതിനാൽ എവിടെയാണെന്ന വിവരം ലഭിച്ചില്ലെന്നും രാത്രി പത്തുവരെയും അഭിഭാഷകരെ ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു.

മുഖാമുഖം ഇടത് -ബി.ജെ.പി പ്രവർത്തകർ

വൈകീട്ട് ആറോടെ ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, എ.എ. റഹിം സന്തോഷ് കുമാർ, ആദർശ് എം. സജി എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്എഫ് പ്രവർത്തകർ ഔട്ടർ സർക്കിളിലൂടെ കൊണാട്ട് പ്ലേസിനെ വലയംചെയ്ത് ഇന്നർ സർക്കിളിലെത്തി.

നിരോധനാജഞ ലംഘിച്ചും ബാരിക്കേഡുകൾ ഭേദിച്ചും ദേശീയപതാക ഉയർത്തി പ്രതിഷേധം പ്രകടിപ്പിച്ച അവർ ഇന്നർ സർക്കിൾ റോഡിനെ വലയം ചെയ്ത് പൊലീസ് വാഹനങ്ങൾക്ക് മുകളിൽ കയറി ദേശീയപതാകകൾ ഉയർത്തി. വൈകീട്ട് ഏഴോടെ ഇന്നർ സർക്കിളിൽനിന്ന് പ്രതിഷേധക്കാരെ ഒന്നാകെ ഒഴിപ്പിച്ചു. അതിനിടെ പാലികാ ബസാറിന്റെ രണ്ടാം നമ്പർ ഗേറ്റിന് മുന്നിൽ ഇടത് പ്രവർത്തകരോട് എതിരിടാൻ ആർ.എസ്.എസ്-ബി.ജെ.പിപ്രവർത്തകർ മുഖാമുഖം വന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് പിന്നീട് അവരെ തിരിച്ചയച്ചു. എം.പിമാരായ ജോൺ ബ്രിട്ടാസിനെയും റഹീമിനെയും ശിവദാസിനെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെങ്കിലും അതിന് അനുവദിക്കാതെ ദേശീയഗാനം ചൊല്ലി അവർ സമരമവസാനിപ്പിച്ചു.

Tags:    
News Summary - 150 Protesters Detained in Delhi; Mamata, Kejriwal and Akhilesh Criticise the Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.