സുപ്രീംകോടതി
ചീഫ് ജസ്റ്റിസിനെതിരെ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനും സുപ്രീംകോടതിക്കുമെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തിയ ശിവസേന ഉദ്ധവ് വിഭാഗം രാജ്യസഭാ എം.പി സഞ്ജയ് റാവത്ത്, മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെ എന്നിവർക്ക് കോടതിയലക്ഷ്യ നോട്ടീസ്. സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. എന്തുകൊണ്ട് കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചുകൂടാ എന്ന് വ്യക്തമാക്കി വിശദീകരണം നൽകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്..
എസ്.ഐ.ആർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ച അനുവദിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. ഈ തീരുമാനത്തെ വിമർശിച്ച്, ജഡ്ജിമാർ ലണ്ടനിൽ രാഷ്ട്രീയ നേതാക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുകയും ബി.ജെ.പി മുഖ്യമന്ത്രിമാർ സംഘടിപ്പിക്കുന്ന വിരുന്നുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുവെന്നും എന്നാൽ ജനാധിപത്യം സംരക്ഷിക്കാൻ എത്തുന്ന പ്രതിപക്ഷ നേതാക്കളെ കാണാൻ തയ്യാറാകുന്നില്ലെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചിരുന്നു.
സമൂഹമാധ്യമമായ എക്സിൽ നിഖിൽ വാഗ്ലെ നടത്തിയ പരാമർശമാണ് അദ്ദേഹത്തിനെതിരെ നടപടിക്ക് കാരണമായത്. അദ്ദേഹം പിന്നീട് പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തു. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കോടതികൾ ഒരിക്കലും പിന്നാക്കം പോയിട്ടില്ലെന്നും, ആ കോടതികളെത്തന്നെ ഇത്തരം വ്യക്തികൾ അധിക്ഷേപിക്കുന്നത് ഏറെ നിർഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാഹുലിനെതിരായ കേസ്: പരിഗണിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സുപ്രീംകോടതി മാർച്ചിനിടെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പിടിച്ചുവലിക്കുകയും തള്ളിമാറ്റുകയും ചെയ്തെന്ന് ആരോപിച്ച് ഗർഭിണിയായ മാധ്യമ പ്രവർത്തക നൽകിയ ഹരജി കേൾക്കാമെന്ന് സുപ്രീംകോടതി. രാഹുൽ ഗാന്ധി തന്റെ തോളിൽ പിടിച്ച് വലിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥർ തന്നെ തള്ളിയിടുകയുമായിരുന്നു എന്നാണ് വൺ ഇന്ത്യ ന്യൂസ് വെബ്സൈറ്റിലെ മാധ്യമ പ്രവർത്തകയായ റിച പരാശർ ആരോപിച്ചത്. ഒപ്പമുണ്ടായിരുന്ന കാമറാമാൻ മർദനമേറ്റ് താഴെ വീണതായും അവർ ആരോപിച്ചു. താൻ ഗർഭിണിയാണെന്ന് പറഞ്ഞുകൊണ്ട് നിലവിളിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകർ മുദ്രാവക്യം വിളിച്ച് തന്റെ ശബ്ദം അമർത്താൻ ശ്രമിച്ചതായും മാധ്യമ പ്രവർത്തക ആരോപിച്ചു.
ഒരാഴ്ചത്തെ ദസറ അവധി കഴിഞ്ഞ് ഒക്ടോബർ 26ന് കോടതി തുറക്കുമ്പോൾ കേസ് പരിഗണിക്കാമെന്ന് ഈ വിഷയം ശ്രദ്ധയിൽപെടുത്തിയ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയെ ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് അറിയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും എസ്.ഐ.ആറിനുമെതിരെ രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷനേതാക്കളും ഫയൽ ചെയ്ത ഹരജികൾ പരിഗണിച്ച വ്യാഴാഴ്ച കോടതിക്ക് മുമ്പാകെ ഇക്കാര്യം താൻ ഓർമിപ്പിച്ചിരുന്നതായി അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.