ഡൽഹി പ്രതിഷേധം: കസ്റ്റഡിയിലെടുത്തത് 43 മാധ്യമപ്രവർത്തകരെ

ന്യൂഡൽഹി: വോട്ടുകൊള്ളക്കെതിരെ നടക്കുന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത് 43 മാധ്യമപ്രവർത്തകരെ. ഡൽഹിയിൽ മാത്രം 39 പേർ കസ്റ്റഡിയിലായി. ഇതിൽ പലക്കും പൊലീസിന്റെ മർദനവും ഏൽക്കേണ്ടി വന്നതായി ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്’ വ്യക്തമാക്കുന്നു. അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമുണ്ടാകില്ലെന്ന് സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പുനൽകിയതിനുശേഷവും ഡൽഹി പൊലീസ് മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ തുടർന്നു.

റാണ അയൂബ്, ‘ദി കാരവാനി’ലെ റയാൻ തോമസ് തുടങ്ങിയ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് കൈയേറ്റമുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിലെ എ. സജിൻ, 24 ന്യൂസിലെ റിപ്പോർട്ടർ സുഹൈൽ മുഹമ്മദ്, കാമറാമാൻ വി.എസ്. രാഹുൽ തുടങ്ങിയ നിരവധി മലയാളി മാധ്യമപ്രവർത്തകരും പൊലീസിന്റെ പിടിയിലായി. ചില മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തു. ചിലരെ 65 കിലോമീറ്ററോളം അകലെയുള്ള തടങ്കൽ കേന്ദ്രങ്ങളിലേക്കാണ് പൊലീസ് മാറ്റിയത്.

പൊലീസ് അതിക്രമങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്ന്, ഒക്ടോബർ 15ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാധ്യമപ്രവർത്തകർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡന്റിറ്റി കാർഡുകൾ കൈവശം വെക്കുക, പൊലീസിന്റെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത അകലം പാലിക്കുക, റിപ്പോർട്ടിങിൽ നിഷ്പക്ഷത പുലർത്തുക തുടങ്ങിയ ഉപദേശങ്ങളാണ് പ്രസ് കൗൺസിൽ നൽകിയത്.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങൾ തടയാനും സംഘർഷങ്ങൾ ഒഴിവാക്കാനും തത്സമയ സുരക്ഷ നീക്കങ്ങൾ പുറത്തുവിടാതിരിക്കാനും നിർദേശമുണ്ട്. എന്നാൽ, പൊലീസ് നൽകുന്ന നിർദേശം അതുപോലെ പ്രസ് കൗൺസിൽ ആവർത്തിക്കുകയാണെന്ന് മാധ്യമ പ്രവർത്തകർ കുറ്റപ്പെടുത്തി. 

Tags:    
News Summary - Delhi protests: 43 journalists detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.