മുഖ്യ തെരഞ്ഞെടുപ്പ് കമീഷനറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ ഐസ നേതാവ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

വോട്ടർപട്ടിക മെഷീൻ റീഡബിൾ ഫോർമാറ്റിൽ നൽകാം; ജനരോഷത്തിൽ യുടേണടിച്ച് കമീഷൻ

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയുടെ (എസ്.ഐ.ആർ) പിന്നാമ്പുറ കഥകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിരോധത്തിലായ തെരഞ്ഞെടുപ്പ് കമീഷൻ മുൻ തീരുമാനങ്ങളിൽനിന്ന് യു ടേൺ എടുത്തുതുടങ്ങി. വോട്ടർ പട്ടിക മെഷീൻ റീഡബിൾ ഫോർമാറ്റിൽ നൽകാൻ പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടെങ്കിലും എട്ടുവർഷമായി കമീഷൻ നൽകിയിരുന്നില്ല. പൗരന്മാരുടെ സ്വകാര്യതക്ക് ഭീഷണിയാണെന്നും ക്രമക്കേടുകൾക്ക് വഴിവെക്കുമെന്നും സുപ്രീംകോടതി വിലക്കിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു നൽകാൻ വിസ്സമ്മതിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്പെഷൽ സമ്മറി റിവിഷനിൽ (എസ്.എസ്.ആർ) ഇത്തരം ലിസ്റ്റുകൾ ലഭ്യമാക്കുമെന്നാണ് കമീഷൻ പറയുന്നത്.

ഇതോടൊപ്പം പേര് ചേർക്കൽ, ഒഴിവാക്കൽ, തിരുത്തലുകൾ എന്നിവയുടെ പ്രത്യേക പട്ടികയും ആഴ്ചതോറുമുള്ള പരാതികളുടെയും ആക്ഷേപങ്ങളുടെയും വിവരങ്ങളും പാർട്ടികൾക്ക് നൽകും. 2018ലെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിശോധിച്ച കോൺഗ്രസ് ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരെ കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ സാധാരണ ടെക്സ്റ്റ് പി.ഡി.എഫുകൾക്ക് പകരം സെർച്ചബിൾ അല്ലാത്ത ഇമേജ് പി.ഡി.എഫുകൾ നൽകാൻ തുടങ്ങിയത്. ഇതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യമെങ്കിൽ ഹരജിക്കാർക്ക് അത് സെർച്ചബിൾ ഫോർമാറ്റിലേക്ക് മാറ്റാമെന്നാണ് കോടതി ഉത്തരവിട്ടത്. തുടർന്ന് കമീഷൻ കൂടുതൽ സങ്കീർണമായ രീതിയിൽ പട്ടിക പുറത്തിറക്കി ഡാറ്റ വിശകലനം അസാധ്യമാക്കി. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ മെഷീൻ റീഡബിൾ വോട്ടർ പട്ടിക വേണമെന്ന ആവശ്യം ശക്തമാക്കി.

ബംഗളൂരു സൗത്തിലെ മണ്ഡലത്തിൽ മാത്രം 10,000 വ്യാജ വോട്ടർമാരെ കണ്ടെത്തിയത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രക്ഷോഭവും കടുപ്പിച്ചു.അതേസമയം, നിലവിലെ മാറ്റം പൂർണമല്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ചിത്രങ്ങൾ ഒഴിവാക്കിയുള്ള പി.ഡി.എഫുകളാണ് ഇപ്പോൾ നൽകുന്നത് എന്നതിനാൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള മെഷീൻ റീഡബിൾ ലിസ്റ്റുകൾ നൽകണമെന്നാണ് ആവശ്യം. അടുത്തിടെ ഫോം സിക്സ് പരിഷ്ഷ്കരണം പിൻവലിച്ചും ബി.എൽ.ഒമാർ വീടുകളിലെത്തി പരിശോധന നടത്താൻ ഉത്തരവിട്ടും കമീഷൻ തിരുത്തൽ നടപടികൾ ആരംഭിച്ചിരുന്നു.

Tags:    
News Summary - Election Commission Relents on Machine-Readable Voter Lists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.