കൽക്കരി അഴിമതി: മമത ബാനർജിയുടെ അനന്തരവനെ വീണ്ടും ചോദ്യം ചെയ്യും

കൊൽക്കത്ത: ബംഗാൾ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും എം.പിയുമായ അഭിഷേക് ബാനർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഡൽഹിയിലാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഭാര്യ റുജിറ ബാനർജിയെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ നടത്തിയ കണ്ണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ പൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ടെങ്കിലും ഡൽഹിയിലേക്ക് പോകുകയാണെന്ന് പുറപ്പെടുന്നതിന് മുമ്പ് കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് അഭിഷേക് ബാനർജി പ്രതികരിച്ചു. സുപ്രീംകോടതിയെ സമീപിക്കും. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കേസ് ബംഗാളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഡൽഹിക്ക് പകരം കൊൽക്കത്തയിൽ വെച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും ബാനർജി വ്യക്തമാക്കി.

നീണ്ട വാദത്തിന് ശേഷം കോടതി ആദ്യം വിധി പറയാനായി മാറ്റി വെച്ചിരുന്നെന്നും, നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതോടെ മാർച്ച് 11ന് തന്റെ ഹരജി തള്ളുകയുമായിരുന്നെന്നും ബാനർജി ആരോപിച്ചു.

ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്റെ കുനുസ്‌റ്റോറിയ, കജോറിയ ​​കൽക്കരി പാടങ്ങളിൽ നിന്ന് അനധികൃത ഖനനവും കൽക്കരി മോഷണവും ആരോപിച്ചാണ് കേസ്. ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് കൽക്കരി മാഫിയ സ്ഥിരമായി പണം നൽകിയിരുന്നതായി ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബാനർജി ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

തന്റെ അനന്തരവനും കുടുംബത്തിനുമെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ അഴിച്ചുവിടുകയാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിക്കുന്നത്. ചില ബി.ജെ.പി മന്ത്രിമാർ കൽക്കരി മാഫിയയുമായി കൈകോർത്തിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Mamata Banerjee's Nephew To Be Questioned Again In Money Laundering Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.