ബംഗളൂരു: ബംഗളൂരുവിൽ ഐ.ടി കമ്പനി മുൻ ജീവനക്കാരൻ വെട്ടിക്കൊന്ന സി.ഇ.ഒ കോട്ടയം സ്വദേശി. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയ സി.ഇ.ഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ. വിനുകുമാർ (47) ആണ് എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യക്കൊപ്പം കൊല്ലപ്പെട്ടത്. ശ്രീജയാണ് വിനുകുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ അതിക്രമിച്ചുകയറി ഇരുവരെയും വാളുപയോഗിച്ചു വെട്ടിക്കൊന്ന് രക്ഷപ്പെട്ട ഫെലിക്സ് എന്ന ജോക്കർ ഫെലിക്സിനും മൂന്ന് കൂട്ടാളികൾക്കുമായി പൊലീസ് തിരച്ചിൽ തുടരുകയാണ്. എയറോണിക്സ് മീഡിയയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റർനെറ്റ് കമ്പനിക്ക് രൂപം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു.
ഒരു വർഷം മുമ്പാണ് എയ്റോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്റോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഫെലിക്സിനൊപ്പം മൂന്നുപേർ കൂടിയുണ്ടായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവർ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടും ആക്രമണമുണ്ടായി. പരിക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.