ന്യൂഡൽഹി: ഹിന്ദു പെൺകുട്ടിയെ മുസ്ലിം യുവാവ് വിവാഹം ചെയ്താൽ രാജ്യത്തിന്റെ ദേശീയ ചട്ടക്കൂട് തകരുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. യാദവ സമുദായത്തിൽനിന്നുള്ള പെൺകുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ‘യാദവ് ജി കീ ലവ് സ്റ്റോറി’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഈ ചോദ്യമുന്നയിച്ചത്. ഒരു സമുദായത്തെ ഏത് മാധ്യമം ഉപയോഗിച്ച് അവഹേളിക്കുന്നതും അസ്വീകാര്യമാണെന്ന് ‘ഘൂസ്കോർ പണ്ഡിറ്റ്’ എന്ന സിനിമയുടെ പേര് മാറ്റാനുള്ള കേസിൽ തങ്ങൾ അഭിപ്രായപ്പെട്ടത് ഇതിനോട് ചേർത്ത് പറയാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉന്നത ഭരണഘടനാ പദവി വഹിക്കുന്നവർ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസ്താവനകൾ നടത്തരുതെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയ്യാൻ എന്നിവരടങ്ങുന്ന ബെഞ്ച് ‘ഘൂസ്കോർ പണ്ഡിറ്റ്’ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യം അംഗീകരിച്ച് വ്യക്തമാക്കിയിരുന്നു. സർക്കാറുമായി ബന്ധപ്പെട്ടവരോ സ്വകാര്യ വ്യക്തികളോ ആകട്ടെ പ്രസംഗങ്ങൾ, മീമുകൾ, കർട്ടൂണുകൾ, ദൃശ്യകലകൾ എന്നിവയിലൂടെ ഒരു സമുദായത്തെ നിന്ദിക്കാനോ അവളേഹിക്കാനോ ആവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
‘ഘൂസ്കോർ പണ്ഡിറ്റ്’ എന്ന സിനിമ പേരുകൊണ്ട് പണ്ഡിറ്റ് സമുദായത്തെ അവഹേളിക്കുന്നതാണെന്ന ആക്ഷേപം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം, ഈ സിനിമയുടെ കാര്യത്തിൽ നടത്തിയ നിരീക്ഷണം ‘യാദവ് ജി കി ലവ് സ്റ്റോറി’ക്കെതിരെയുള്ള ഹരജിക്ക് ബാധകമല്ലെന്ന് ഇതേ ബെഞ്ച് നിരീക്ഷിച്ചു. യാദവ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന ഒന്നും സിനിമയുടെ പേരിൽ ഇല്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.