ന്യൂഡൽഹി: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും (ഐ.യു.എം.എൽ) മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിയും തമ്മിൽ 2011ലുണ്ടായ ലയനം ഡൽഹി ഹൈകോടതി ശരിവെച്ചു. ഇത് ചോദ്യംചെയ്ത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ പേരമകൻ ദാവൂദ് മിയാൻ ഖാൻ നൽകിയ ഹരജി തള്ളിയാണ് ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് അമിത് ബൻസലിന്റെ വിധി. ലയനം അംഗീകരിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടുകൂടിയാണ് ഡൽഹി ഹൈകോടതി ശരിവെച്ചത്.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ലയനം നിയമ വിരുദ്ധമായതിനാൽ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മിയാൻ ഖാൻ ഡൽഹി ഹൈകോടതിക്ക് നൽകിയ ഹരജിയിൽ അന്തിമ വാദം കേട്ടാണ് തള്ളിയത്. 2011ൽ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ലയന സമ്മേളനത്തിൽ പങ്കെടുത്തവരിൽ രണ്ട് വ്യത്യസ്ത പാർട്ടികളിൽ ഒരേസമയം അംഗങ്ങളായവരാണെന്നും ലയന പ്രമേയത്തിൽ ഒപ്പുവെച്ച ഇ. അഹമ്മദ് ഉൾപ്പെടെയുള്ളവർ യഥാർഥത്തിൽ ഐ.യു.എം.എൽ അംഗമായിരുന്നില്ലെന്നും അതിനാൽ ലയനം നിയമ വിരുദ്ധമാണെന്നുമായിരിന്നു ദാവൂദ് മിയാൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഘോഷ് വാദിച്ചത്. ഐ.യു.എം.എൽ എന്ന ദേശീയ പാർട്ടിയെ ഒരു സംസ്ഥാന പാർട്ടിയായി തരംതാഴ്ത്തുന്നതാണ് ലയന പ്രക്രിയയെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിയും തമ്മിലുള്ള ലയനം വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ളതല്ലെന്നും മറിച്ച് ഒരേ ആശയം പിന്തുടരുന്ന പാർട്ടിയുടെ രണ്ട് വ്യത്യസ്ത ഘടകങ്ങളുടെ ഏകോപനമായിരുന്നു എന്നും ഐ.യു.എം.എല്ലിനുവേണ്ടി ഹാജരായ രാജ്യസഭാ എം.പി അഡ്വ. ഹാരിസ് ബീരാനും അഡ്വ. മർസൂക്ക് ബാഫഖിയും വാദിച്ചു. ദാവൂദ് മിയാൻ ഖാനെ 2003ൽ പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്നും അങ്ങനെയൊരാൾക്ക് ഹരജി നൽകാൻപോലും അവകാശമില്ലെന്നും അവർ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.