കൊൽക്കത്ത: പശ്ചിമബംഗാളിലെ എസ്.ഐ.ആർ പ്രക്രിയയിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ സാകേത് ഗോഖലെ. എന്തുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ജയിലിടണമെന്ന തലക്കെട്ടിൽ നൽകിയ എക്സ് പോസ്റ്റിലാണ് അദ്ദേഹം ബംഗാൾ എസ്.ഐ.ആറിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയത്.
വോട്ടർമാരുടെ പേരുകൾ 2002ലെ വോട്ടർ പട്ടികയുമായി ഒത്തുനോക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉപയോഗിച്ചത് ദുരൂഹമായ സോഫ്റ്റ്വെയറാണെന്ന് സാകേത് ഗോഖലെ പറയുന്നു. പേരുകൾ ബംഗാളി ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ പല പേരുകളും തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് സാകേത് ഗോഖലെ ആരോപിച്ചു. ഈ സോഫ്റ്റ്വെയർ മൂലം 1.67 കോടി വോട്ടർമാരുടെ പേരുകളിൽ പിഴവുണ്ടെന്ന് വന്നു.
എസ്.ഐ.ആർ പ്രകിയനിരീക്ഷിക്കുന്നതിനായി നിയോഗിച്ച മൈക്രോ ഒബ്സർവർമാർക്ക് വോട്ട് ഡിലീറ്റ് ചെയ്യാനുളള അനധികൃത അധികാരം വാട്സാപ്പ് ഉത്തരവിലൂടെ നൽകി. ഇത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തപ്പോൾ കോടതി സിറ്റിങ്, റിട്ടയർ ജഡ്ജിമാരെ ഇതിനായി നിയോഗിച്ചു. ഇത്തരത്തിൽ എസ്.ഐ.ആറിന് വേണ്ടി എത്തിയ ജഡ്ജിമാർക്ക് 28നുള്ളിൽ 95 ലക്ഷം പേരുടെ ഹിയറിങ് നടത്തേണ്ടി വന്നു. ഇത് കോടതിയിൽ ചൂണ്ടിക്കാട്ടിയപ്പോൾ കോടതി അധിക ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിയോഗിച്ചു.
എട്ട് മാസം കൊണ്ട് നടത്തേണ്ട എസ്.ഐ.ആർ പ്രകിയയാണ് മൂന്ന് മാസം കൊണ്ട് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. 1.67 വോട്ടുകൾ പൂർണമായും ഇല്ലാതാക്കാനായിരുന്നു ഗ്യാനേഷ് കുമാറിന്റെ ശ്രമം. നിരീക്ഷകരായി ബി.ജെ.പി ചായ്‍വുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. മമത ബാനർജി സുപ്രീംകോടതിയിൽ പോയത് കൊണ്ടാണ് ഇതിൽ കോടതി ഇടപെടലുണ്ടായത്. എങ്കിലും മൂന്ന് ദിവസത്തിനുള്ളിൽ 80 ലക്ഷം യഥാർഥ വോട്ടർമാരുടെ വോട്ടിൽ തീരുമാനമെടുക്കേണ്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴുള്ളത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബി.ജെ.പിക്ക് വേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.