മഹുവ മൊയ്ത്ര

‘യഥാർഥ തൃണമൂൽ മമതയാണ്, അവർ അധികാരത്തിലേക്ക് ശക്തമായി തിരിച്ചുവരും’; വിമതർക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായ പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. പാർട്ടിയിൽ മമത ബാനർജിക്കെതിരെ ഉയർന്നുവന്ന വിമത വിഭാഗത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് തൃണമൂൽ ഫയർബ്രാൻഡ് നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തി. മമത ബാനർജിയെ മറികടന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിനും നിലനിൽപ്പില്ലെന്ന് മഹുവ വ്യക്തമാക്കി.

‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നത് മമത ബാനർജി തന്നെയാണ്. അവർ അധികാരത്തിലേക്ക് ശക്തമായി തിരിച്ചുവരും. മമതാ ബാനർജി രൂപീകരിച്ച പാർട്ടിയാണിത്. മമത ഉള്ളതുകൊണ്ട് മാത്രമാണ് ഈ പാർട്ടിക്ക് നിയമസാധുതയും ജനങ്ങളുടെ വോട്ടും ജനവിധിയും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വിമതർ എന്ന് അവകാശപ്പെടുന്നവർ ആരും തന്നെ തൃണമൂൽ കോൺഗ്രസ് അല്ല. മമതാ ബാനർജി ജീവിച്ചിരിക്കുകയും രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയും ചെയ്യുന്നിടത്തോളം കാലം തൃണമൂൽ എന്നാൽ അത് മമത മാത്രമായിരിക്കും’ മഹുവ മൊയ്ത്ര പറഞ്ഞു.

പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളുടെ കേന്ദ്രബിന്ദുവായ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയെ മഹുവ മൊയ്ത്ര ശക്തമായി പ്രതിരോധിച്ചു. അഭിഷേക് പാർട്ടിക്ക് ദോഷം ചെയ്തുവെന്ന വാദങ്ങൾ തെറ്റാണെന്ന് അവർ ചൂണ്ടിക്കാട്ടി. ‘അഭിഷേക് ബാനർജി പാർട്ടിക്ക് വേണ്ടി എത്രത്തോളം കഠിനാധ്വാനം ചെയ്തുവെന്ന് ഞാൻ നേരിട്ട് കണ്ടതാണ്. പാർട്ടിയിലേക്ക് പുതിയ സംഘടനാ സംവിധാനങ്ങൾ കൊണ്ടുവന്നത് അദ്ദേഹമാണ്. അഭിഷേക് മാത്രമാണ് എല്ലാത്തിനും കാരണം എന്ന് പറഞ്ഞ് വിരൽ ചൂണ്ടുന്നത് എളുപ്പമാണ്, എന്നാൽ അത് ശരിയല്ല’ മഹുവ വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്ക് അഭിഷേക് ബാനർജിയെ രാഷ്ട്രീയമായി തകർക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമാണുള്ളതെന്നും മഹുവ ആരോപിച്ചു. അഭിഷേകിന്റെ വളർച്ച കാരണമാണ് മമത തന്നെ പാർട്ടിയിൽ ഉയർന്ന പദവികളിലേക്ക് വളരാൻ അനുവദിക്കാതിരുന്നത് എന്ന കടുത്ത വിരോധമാണ് സുവേന്ദുവിനെ നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടും മഹുവ മൊയ്ത്ര ആവർത്തിച്ചു. ‘എന്നെ സംബന്ധിച്ച് മരണം വരെ ബി.ജെ.പി എന്റെ ശത്രുവാണ്. ഫാസിസത്തിനെതിരെയും ഭൂരിപക്ഷ വർഗീയതക്കെതിരെയും പോരാടാൻ എനിക്കൊരു പ്ലാറ്റ്‌ഫോം വേണം. എന്റെ പാർട്ടിയിൽ ചില ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും, ബി.ജെ.പിയെ നേരിടാൻ ഇപ്പോഴും ഏറ്റവും മികച്ച ഓപ്ഷൻ തൃണമൂൽ കോൺഗ്രസ് തന്നെയാണ്. എനിക്ക് നട്ടെല്ലുണ്ട്. എന്നെ ഇല്ലാതാക്കാൻ അവർക്ക് സാധിച്ചേക്കാം, പക്ഷേ ഇന്ത്യയിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കുന്നത് വരെ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കില്ല’ മഹുവ വ്യക്തമാക്കി.

Tags:    
News Summary - Mahua Moitra Reaffirms Loyalty To Party Chief’s Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.