'വിശുദ്ധനായ മുഖ‍്യമന്ത്രിയും തട്ടിപ്പുകേസ് പ്രതി ബിഎൽഎം പ്രേംകുമാറും തമ്മിലെന്ത് ഇടപാട്?' കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഉദയനിധി

ചെന്നൈ: 5,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കേരള പൊലീസിന്‍റെ പിടിയിലായ ബി.എൽ.എം. പ്രേംകുമാറും തമിഴ്നാട് മുഖ്യമന്ത്രി വിജയിയും ടി.വി.കെ. മുതിർന്ന നേതാക്കളും തമ്മിലുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. പൊതുപണം കവർന്ന പ്രേംകുമാറും 'വിശുദ്ധനായ' മുഖ്യമന്ത്രി വിജയിയും തമ്മിൽ എന്ത് ഇടപാടാണുള്ളതെന്ന് എക്സിലെ കുറിപ്പിലൂടെ ഉദയനിധി ചോദിച്ചു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ കേസിൽ പ്രതിയായ പ്രേംകുമാർ കഴിഞ്ഞ ജൂലൈയിൽ വിജയിയുമായി കൂടിക്കാഴ്ച നടത്തുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ടി.വി.കെ.യുടെ വിവിധ പാർട്ടി പരിപാടികൾക്കായി പ്രേംകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ബസുകളാണ് ഉപയോഗിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും വിശ്വാസ വോട്ടെടുപ്പിനു മുൻപും ഭരണകക്ഷി എം.എൽ.എമാരെ സഭയിലെത്തിച്ചതും ഇയാളുടെ ബസുകളിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുവർക്കുമിടയിൽ ദുരൂഹമായ ബന്ധങ്ങളില്ലെങ്കിൽ ഈ ചിത്രങ്ങൾ പോലീസിന്‍റെ സഹായത്തോടെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തത് എന്തിനാണെന്നും ഉദയനിധി ചോദ്യമുയർത്തി. എം.എൽ.എമാരെ കുതിരക്കച്ചവടം നടത്തുന്നതിലും ഉപതെരഞ്ഞെടുപ്പുകളിൽ പണവും സാമഗ്രികളും വിതരണം ചെയ്തതിലും പ്രേംകുമാറിന് പങ്കുണ്ടോയെന്ന് വ്യക്തമാകേണ്ടതുണ്ട്. സി.ബി.ഐ., ഇ.ഡി., എസ്.എഫ്.ഐ.ഒ. തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ വിഷയത്തിൽ ഉടനടി ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - What's the Deal Between Holy CM and Fraud Accused BLM Premkumar?': Udhayanidhi Demands Central Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.