ജാമിഅ വിദ്യാർഥി സമരം: സംഘ്പരിവാർ വംശീയതയെ മുട്ടുകുത്തിച്ച വിദ്യാർഥി പ്രതിരോധം
നീണ്ട ഇരുപത് വർഷത്തെ ജനാധിപത്യ നിഷേധത്തിനും അടിച്ചമർത്തലുകൾക്കും ഒടുവിൽ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെ മണ്ണിൽ ചരിത്രപരമായ വിദ്യാർഥി വിജയം കുറിക്കപ്പെട്ടിരിക്കുന്നു. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നതടക്കം മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും സർവകലാശാല അഡ്മിനിസ്ട്രേഷന് ഒടുവിൽ പൂർണമായും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഇത് കേവലമൊരു അഡ്മിനിസ്ട്രേറ്റീവ് വിട്ടുവീഴ്ചയല്ല; മറിച്ച് ന്യൂനപക്ഷ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സംഘ്പരിവാർ ഭരണകൂടം ആസൂത്രണം ചെയ്ത വ്യവസ്ഥാപിത അടിച്ചമർത്തലുകൾക്ക് മേൽ വിദ്യാർഥി ഐക്യം നേടിയെടുത്ത ഐതിഹാസിക വിജയമാണ്.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളോട് നിരന്തരം ചോദിക്കപ്പെടുന്ന ഒരു ചോദ്യമുണ്ട്. 'നിങ്ങളുടെ രാഷ്ട്രീയ അവബോധവും കാര്യക്ഷമമായ നേതൃത്വവും എവിടെ?' എന്നാൽ, ആ നേതൃത്വം എവിടെ നിന്നാണോ രൂപപ്പെടേണ്ടത്, ഏത് മണ്ണിലാണോ ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ പയറ്റിത്തെളിയേണ്ടത്, ആ ചരിത്ര കാമ്പസുകളിൽ രണ്ട് പതിറ്റാണ്ടായി ജനാധിപത്യം തന്നെ തടവറയിലായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം നിർണയിച്ച നേതാക്കളെ സംഭാവന ചെയ്ത ജാമിഅയിൽ 2006-ൽ അവസാനമായി തിരഞ്ഞെടുപ്പ് സസ്പെൻഡ് ചെയ്യുമ്പോൾ രാജ്യം ഭരിച്ചിരുന്നത് കോൺഗ്രസ് സർക്കാറായിരുന്നു. അന്ന് യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കാൻ ക്രിയാത്മകമായി യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന കോൺഗ്രസ് ഭരണകൂടം സൃഷ്ടിച്ച വിടവാണ് ഇന്ന് ഇത്രയേറെ വഷളായി സംഘ്പരിവാറിന് ആയുധമായി മാറിയത്. അന്ന് കോൺഗ്രസ് നീതിപൂർവമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ ഒരു കാമ്പസിന് ഇരുപത് വർഷത്തോളം ജനാധിപത്യം നഷ്ടപ്പെടുമായിരുന്നില്ല.
തുടർന്ന് ജനാധിപത്യം പുനഃസ്ഥാപിക്കാൻ വിദ്യാർഥികൾ നിരന്തരം പോരാട്ടരംഗത്തിറങ്ങി. സുപ്രീംകോടതിയെ സമീപിക്കുകയും 2017-ൽ മീരാൻ ഹൈദറിന്റെ നേതൃത്വത്തിൽ ഐതിഹാസികമായ നിരാഹാര സമരം നടത്തുകയും ചെയ്തു. അന്ന് തിരഞ്ഞെടുപ്പ് നടത്താമെന്ന ധാരണയിലെത്തിയെങ്കിലും പലവിധ സാങ്കേതിക-നിയമ തടസ്സങ്ങൾ പറഞ്ഞ് അധികാരികൾ അത് തന്ത്രപൂർവം മാറ്റിവെക്കുകയാണുണ്ടായത്. ഒടുവിൽ 2022-ൽ ജാമിഅ അഡ്മിനിസ്ട്രേഷന് പൂർണ അധികാരം നൽകിക്കൊണ്ട് കോടതി കേസ് തീർപ്പാക്കി. യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് പ്രകാരം തിരഞ്ഞെടുപ്പ് നിർബന്ധമായും നടത്തേണ്ട ബാധ്യതയുണ്ടായിട്ടും, 'കോൺസ്റ്റിറ്റ്യൂഷൻ ഉണ്ടാക്കിയിട്ടില്ല' എന്ന മുടന്തൻ ന്യായമാണ് അഡ്മിനിസ്ട്രേഷൻ നിരത്തിക്കൊണ്ടിരുന്നത്. വിദ്യാർഥികൾ നൽകിയ നിവേദനങ്ങൾ പോലും സ്വീകരിക്കാതെ ചവറ്റുകുട്ടയിലെറിയപ്പെട്ടു.
ഒരു ഡ്രാഫ്റ്റ് കോൺസ്റ്റിറ്റ്യൂഷൻ തയ്യാറാക്കി പാസ്സാക്കുക എന്നത് രാഷ്ട്രപതിയുടെ വിസിറ്റർ പ്രതിനിധിയടക്കം പങ്കെടുക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ എളുപ്പം ചെയ്യാവുന്ന കാര്യമായിരുന്നു. എന്നിട്ടും വി.സി അതിന് തയ്യാറാവാതിരുന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു യൂണിയൻ നിലവിൽ വന്നാൽ അധികാരികളുടെ താല്പര്യങ്ങൾക്കനുസരിച്ച് കാമ്പസിനെ ചൊൽപ്പടിക്ക് നിർത്താൻ കഴിയില്ലെന്ന വ്യക്തമായ രാഷ്ട്രീയ ബോധ്യം കൊണ്ടായിരുന്നു.
മറ്റ് കേന്ദ്ര സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി ജാമിഅയിൽ വൈസ് ചാൻസലർ പരമാധികാരിയായി വാഴുന്ന ഘടനയാണുള്ളത്. ഏതൊരു അതോറിറ്റിയുടെയും അധികാരം അടിയന്തര സാഹചര്യങ്ങളുടെ പേരിൽ താൽക്കാലികമായി സ്വയം കയ്യാളാൻ വി.സിക്ക് സാധിക്കും. മുൻ എ.ബി.വി.പി പ്രവർത്തകനും സംഘ്പരിവാർ നോമിനിയുമായ നിലവിലെ വൈസ് ചാൻസലർ മസ്ഹർ ആസിഫും, മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആളായ രജിസ്ട്രാറും ചേർന്നാണ് ഈ കാമ്പസിനെ പൂർണമായും നിയന്ത്രിച്ചിരുന്നത്. മുസ്ലിം കാമ്പസുകളിലൂടെ സ്വതന്ത്രമായ രാഷ്ട്രീയ നേതൃത്വം വളർന്നുവരാൻ പാടില്ലെന്ന ബി.ജെ.പിയുടെ വംശീയ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെല്ലാം. 'നിങ്ങളുടെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചോളാം, നിങ്ങൾ വെറും രണ്ടാംകിട പൗരന്മാരായി കഴിഞ്ഞാൽ മതി' എന്ന സന്ദേശമാണ് അവർ ഇതിലൂടെ നൽകാൻ ശ്രമിച്ചത്. കാമ്പസിൽ വിയോജിപ്പുകളുടെ സ്വരമുയരുമ്പോഴെല്ലാം പൊലീസിനെയും സി.ആർ.പി.എഫിനെയും വിന്യസിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർഥികളെ 'വില്ലന്മാരും പ്രശ്നക്കാരുമായി' ചിത്രീകരിക്കുന്ന സമീപനമാണ് ഡൽഹി പൊലീസും ഭരണകൂടവും സ്വീകരിച്ചത്.
ജാമിഅയെ അക്ഷരാർത്ഥത്തിൽ ഒരു തുറന്ന ജയിലറയാക്കി മാറ്റിയാണ് അവർ സമരത്തെ നേരിട്ടത്. മൂന്ന് നിരകളിലായുള്ള കനത്ത സുരക്ഷാ സേനയെയാണ് കാമ്പസിൽ അണിനിരത്തിയത്.
- പ്രോക്ടോറിയൽ ഗാർഡുകൾ (Proctorial Guards)
- സ്വകാര്യ സെക്യൂരിറ്റി (Private Security)
- എക്സ്-മിലിട്ടറി ഫോഴ്സ്
സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി, മസ്ഹർ ആസിഫ് വി.സിയായി വന്നതിനുശേഷം വിരമിച്ച ഒരു ഐ.പി.എസ് ഓഫീസറെ 'ചീഫ് സെക്യൂരിറ്റി ഓഫീസർ' എന്ന തസ്തികയിൽ നിയമിക്കുകയും വിദ്യാർഥി വേട്ടയ്ക്ക് നേതൃത്വം നൽകാൻ ചുമതലപ്പെടുത്തുകയും ചെയ്തു. സമരക്കാരെ പിൻഗേറ്റിലൂടെ വലിച്ചിഴച്ച് പുറത്ത് നിൽക്കുന്ന ഡൽഹി പൊലീസിന് എറിഞ്ഞുകൊടുക്കുന്ന ക്രൂരതകളാണ് ഈ സേന ചെയ്തുകൂട്ടിയത്.
ഹോസ്റ്റലുകളും കാമ്പസ് ഗേറ്റുകളും അഡ്മിനിസ്ട്രേഷൻ പൂർണമായും അടച്ചുപൂട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടച്ചിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർഥിനികളടക്കമുള്ളവരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. എന്നാൽ ഈ മർദ്ദനങ്ങൾക്കൊന്നും വിദ്യാർഥി വീര്യത്തെ കെടുത്താനായില്ല. ഒക്ടോബർ 17-ഓടെ സമരം കൂടുതൽ ശക്തമായ പ്രക്ഷോഭമായി മാറി. നോർത്ത് കാമ്പസിലെ ഗേറ്റ് നമ്പർ 7-ലേക്ക് ഇരച്ചെത്തിയ വിദ്യാർഥികൾ അടച്ചുപൂട്ടിയ രണ്ട് ഗേറ്റുകൾ തകർത്ത് അകത്തേക്ക് പ്രവേശിച്ച് തങ്ങളുടെ കാമ്പസ് പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുകയാണുണ്ടായത്.
സമരത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കാനും പ്രക്ഷോഭത്തെ ക്രിമിനൽവൽക്കരിക്കാനും നികൃഷ്ടമായ ശ്രമങ്ങളും അരങ്ങേറി. കാമ്പസിനകത്ത് കടന്നുകൂടി "ഫ്രീ കശ്മീർ" മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമിച്ച ഒരാളെ വിദ്യാർഥികൾ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോൾ, അയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ഐ.ടി.ബി.പി ടാഗും ഔദ്യോഗിക യൂണിഫോമിന്റെ പാന്റുമാണ്! സമാനമായി ചുവരെഴുത്തുകളിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച നോയിഡയിൽ നിന്നുള്ള എ.ബി.വി.പി ബന്ധമുള്ള സാഹിൽ ചൗധരി എന്ന പുറത്തുനിന്നുള്ളയാളെയും വിദ്യാർഥികൾ കയ്യോടെ പിടികൂടി. സമരത്തെ രാജ്യദ്രോഹ പട്ടം ചാർത്തി വഴിതിരിച്ചുവിടാനുള്ള ഭരണകൂട ഏജൻസികളുടെ കുൽസിത നീക്കങ്ങളെല്ലാം വിദ്യാർഥികളുടെ രാഷ്ട്രീയ ജാഗ്രതയ്ക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു.
ഭക്ഷണവും കുടിവെള്ളവും നിഷേധിച്ചും, നമസ്കാരത്തിന് പള്ളിയിൽ പോകാൻ പോലും അനുവദിക്കാതെ തടഞ്ഞുവെച്ചുമാണ് അഡ്മിനിസ്ട്രേഷൻ ഞങ്ങളെ പരീക്ഷിച്ചത്. പള്ളിയിൽ പോകാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഭക്ഷണം കഴിക്കാനോ പോലും പുറത്തിറങ്ങാൻ വിടാതെ കൊടും ക്രൂരത കാണിച്ചു. സഹപാഠികൾ മതിൽ ചാടിക്കടന്ന് എത്തിച്ചുനൽകിയ പരിമിതമായ ഭക്ഷണപ്പൊതികൾ പങ്കുവെച്ച്, കടുത്ത ശാരീരിക പീഡനങ്ങളെ അവഗണിച്ച് മുന്നൂറോളം വിദ്യാർഥികൾ രാപ്പകലില്ലാതെ കാമ്പസിനകത്ത് പതറാതെ തമ്പടിച്ചു.
സമരത്തിന്റെ മുൻനിരയിൽ നിന്നതിന്റെ പേരിൽ എനിക്ക് നേരെ സർവകലാശാല തുടർച്ചയായി ഷോക്കോസ് നോട്ടീസുകൾ അയച്ചുകൊണ്ടിരുന്നു. എന്നാൽ ഭീഷണിയുടെയും പ്രതികാര നടപടികളുടെയും ആ കടലാസ് കഷണങ്ങൾ കൊണ്ട് ഈ ജനകീയ പോരാട്ടത്തെ ഭയപ്പെടുത്താൻ കഴിയില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ഞങ്ങൾ നടത്തിയത്.
ഒടുവിൽ, അധികാരത്തിന്റെ ധാർഷ്ട്യവും ഭരണകൂട ഗൂഢാലോചനകളും തോറ്റുമടങ്ങി. വിദ്യാർഥികളുടെ അചഞ്ചലമായ ഇച്ഛാശക്തിക്ക് മുന്നിൽ അഡ്മിനിസ്ട്രേഷന് പൂർണമായും വഴങ്ങേണ്ടി വന്നിരിക്കുന്നു; വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് അടക്കമുള്ള മുഴുവൻ ആവശ്യങ്ങളും അവർക്ക് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. കാമ്പസുകളെ നിശബ്ദമാക്കാമെന്നും മുസ്ലിം കർതൃത്വത്തെ അടിച്ചമർത്താമെന്നുമുള്ള ഫാഷിസ്റ്റ് വ്യാമോഹങ്ങൾക്കുള്ള കൃത്യമായ മറുപടിയാണിത്. ജാമിഅ തിരിച്ചുപിടിച്ച ഈ ജനാധിപത്യം രാജ്യത്തെമ്പാടുമുള്ള വിദ്യാർഥി-ജനകീയ പ്രതിരോധങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകും. ഇത് നീതിയുടെയും പോരാട്ടത്തിന്റെയും തിളക്കമാർന്ന വിജയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.