മുംബൈ: പ്രാഥമിക വിദ്യാലയങ്ങളിൽ ഹിന്ദിയെ മൂന്നാം ഭാഷയായി പ്രഖ്യാപിച്ച തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര ഗവൺമെന്‍റ്. സംസ്ഥാന നിയമ സഭയുടെ മൺസൂൺ സമ്മേളനം തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.
ത്രിഭാഷാ നയത്തിൻ കീഴിൽ ഹിന്ദിയെ മൂന്നാം ഭാഷ ആക്കാനുള്ള തീരുമാനം ഒഴിവാക്കുന്നതായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടൊപ്പം പുതിയ വിദ്യാഭ്യാസനയ പ്രകാരം ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ മുൻ രാജ്യ സഭാ എം.പി ഡോക്ടർ നരേന്ദ്ര ജാഥവിനെയും മറ്റു വിദ്യാഭ്യാസ വിദഗ്ദരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ കമ്മിറ്റിയുടെ നിർദേശ പ്രകാരമായിരിക്കും ഏത് ക്ലാസു മുതൽ ത്രിഭാഷ നടപ്പിലാക്കേണ്ടതെന്ന് തീരുമാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്തുത കമ്മിറ്റി മറാത്ത മീഡിയം സ്കൂളുകളിലെ വിദ്യാർഥികളുടെ അഭിപ്രായവും മഷേൽക്കർ കമിറ്റിയുടെയും നിർദേശങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.
മറാത്തി ഭാഷയും മറാത്തി വിദ്യാർഥികളുമായിരിക്കും തങ്ങളുടെ വിദ്യാഭ്യാസ നയത്തിന്‍റെ കാതലെന്ന് ഫഡ്നാവിസ് പറഞ്ഞു. ഫഡ്നാവിസിന്‍റെ പ്രഖ്യാപനത്തോടെ 1 മുതൽ 5 വരെ ക്ലാസുകളിൽ ഹിന്ദി മൂന്നാംഭാഷയാക്കി കൊണ്ട് ഏപ്രിൽ16നും 17നും നടത്തിയ ഔദ്യോഗിക പ്രഖ്യാപനങ്ങൾ പിൻവലിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള സർക്കാറിന്‍റെ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വന്നതിനു പിന്നാലെയാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.