മധുര: മധുര ആധീനം മഠാധിപതി അരുണഗിരിനാഥ ജ്ഞാനസംബന്ധ പരമാചാര്യ അന്തരിച്ചു. 77 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും പ്രാചീനമായ ശൈവ മഠങ്ങളിലൊന്നായ മധുര ആധീനത്തിലെ 292ാമത് ആചാര്യനായിരുന്നു അദ്ദേഹം. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
1300ലേറെ വർഷം പഴക്കമുള്ള മഠം മധുര മീനാക്ഷി ക്ഷേത്രത്തിന് വളരെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂരിലെ കാഞ്ചനൂർ അഗ്നീശ്വരർ സ്വാമി ക്ഷേത്രംഅടക്കം നാല് ക്ഷേത്രങ്ങളിലെ ട്രസ്റ്റിയായ മഠത്തിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. 80കളിലാണ് മഠത്തിന്‍റെ പരമാചാര്യെൻറ പദവിയിൽ അരുണഗിരിനാഥ ജ്ഞാനസംബന്ധ പരമാചാര്യ എത്തുന്നത്. തന്‍റെ പിൻഗാമിയായി വിവാദ സന്യാസി നിത്യാനന്ദയെ അദ്ദേഹം പ്രഖ്യാപിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. എതിർപ്പുകളെ തുടർന്ന് അദ്ദേഹം തീരുമാനത്തിൽനിന്ന് പിന്മാറിയെങ്കിലും അവകാശവാദമുന്നയിച്ച് നിത്യാനന്ദ കോടതിയെ സമീപിച്ചിരുന്നു. ഈകേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റെ പരിഗണനയിലാണ്.
മതസൗഹാർദത്തിെൻറ പ്രതീകമായിട്ടാണ് അരുണഗിരിനാഥ ജ്ഞാനസംബന്ധ പരമാചാര്യ അറിയപ്പെട്ടിരുന്നത്. മതസൗഹാർദത്തിെൻറയും മാനവചിന്തയുടെയും വക്താവായിരുന്നെങ്കിലും പലപ്പോഴും വിവാദങ്ങളിലും അദ്ദേഹം ചെന്നുചാടി. രാഷ്ട്രീയ, സാമൂഹിക, മത വിഷയങ്ങളിൽ തന്‍റെ നിലപാടുകൾ ഉറക്കെ പറയാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
ഡി.എം.കെ മുഖപത്രമായിരുന്ന മുരശൊലിയുടെ മാധ്യമപ്രവർത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം ക്രമേണ ആത്മീയതയിലേക്ക് തിരിയുകയായിരുന്നു. ഡി.എം.കെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുമായി അദ്ദേഹം ഏറെ സൗഹൃദം സൂക്ഷിച്ചിരുന്നു. ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങളുമായും അദ്ദേഹം അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. ഇസ്ലാമിക ഭക്തിഗാനങ്ങൾ അതിന്‍റെ തനിമയോടെ പാടുന്ന പരമാചാര്യ സ്വാമികളുടെ വീഡിയോകൾ ഏറെ പ്രചാരം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.