മദ്രാസ് ഹൈകോടതി
ചെന്നൈ: പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത 21 'ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം' (എ.ഐ.എ.ഡി.എം.കെ) എംഎൽഎമാർക്കെതിരെയുള്ള അയോഗ്യത നടപടികൾ അവസാനിപ്പിച്ച തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറുടെ തീരുമാനം മദ്രാസ് ഹൈകോടതി ശരിവെച്ചു. എംഎൽഎമാരുടെ വീഴ്ച പാർട്ടി തന്നെ മാപ്പ് നൽകി അംഗീകരിച്ച സാഹചര്യത്തിൽ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യത നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പൊതുതാൽപര്യ ഹരജി തള്ളിയത്.
തമിഴ്‌നാട് നിയമസഭയിൽ പാർട്ടി വിപ്പ് മറികടന്ന് ടിവികെ (ടി.വി.കെ) സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത എംഎൽഎമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുത്തണി സ്വദേശിയായ അഭിഭാഷകൻ പി.വി. സെൽവകുമാറാണ് കോടതിയെ സമീപിച്ചത്. എംഎൽഎമാരുടെ നടപടി സ്വന്തം ഇഷ്ടപ്രകാരം അംഗത്വം ഉപേക്ഷിച്ചതിന് തുല്യമാണെന്നും, അതിനാൽ പാർട്ടി പിന്നീട് ക്ഷമാപണം സ്വീകരിച്ചാലും സ്പീക്കറുടെ നേതൃത്വത്തിലുള്ള അയോഗ്യത നടപടികൾ തുടരണമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി എംഎൽഎമാരുടെ നടപടിക്ക് മാപ്പ് നൽകിക്കൊണ്ട് സ്പീക്കർക്ക് കത്ത് നൽകിയതോടെ അയോഗ്യത എന്ന വിഷയം തന്നെ ഇല്ലാതായി. മാത്രമല്ല, എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനോ അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടാനോ മൂന്നാം കക്ഷിയായ ഹരജിക്കാരന് നിയമപരമായ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ അയോഗ്യരാക്കാമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എംഎൽഎമാർക്കെതിരായ ഹൈകോടതി നടപടികൾക്ക് പൂർണ വിരാമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.