സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാങ്‌ടോക്കിന്റെ മനോഹരമായ കാഴ്ച

31.36 കോടി ലഭിക്കേണ്ടിടത്ത് കിട്ടിയത് 3.64 കോടി; ടൂറിസം പെർമിറ്റ് നൽകുന്നത് ഓൺലൈനാക്കി സിക്കിം സർക്കാർ

സിക്കിം: നാഥുലാ പാസ് ഉൾപ്പെടെയുള്ള നിയന്ത്രിത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പെർമിറ്റ് സംവിധാനം ഓൺലൈനാക്കാൻ സിക്കിം സർക്കാർ. പെർമിറ്റ് നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനും സർക്കാർ വരുമാനത്തിലെ നഷ്ടം ഒഴിവാക്കുന്നതിനുമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പ്രേം സിങ് ഗോലെ പറഞ്ഞു. നാഥുലാ പാസ്, സോം​ഗോ തടാകം, ബാബാ മന്ദിർ തുടങ്ങിയ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 2025ൽ ഏകദേശം 15.68 ലക്ഷം പേർ എത്തിയെന്നാണ് സർക്കാർ കണക്ക്. നിലവിലെ 200 രൂപ നിരക്കിൽ ഇതിലൂടെ 31.36 കോടി രൂപയോളം വരുമാനം ലഭിക്കേണ്ടിയിരുന്നെങ്കിലും സർക്കാരിന് ലഭിച്ചത് 3.64 കോടി രൂപ മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പിന്റെ രേഖകളിൽ പെർമിറ്റ് ഫീസ് അടച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏകദേശം 34,000 പേരാണെന്ന് ടൂറിസം സെക്രട്ടറി രാജ് യാദവ് പറഞ്ഞു. അതേസമയം, പൊലീസ് രേഖകൾ പ്രകാരം ഈ പ്രദേശങ്ങളിൽ 17.64 ലക്ഷം സന്ദർശകരുണ്ടായിരുന്നു. ഇവരിൽ എല്ലാവരും പെർമിറ്റ് ആവശ്യമായ വിനോദസഞ്ചാരികളാണെന്ന് പറയാനാകില്ലെങ്കിലും കണക്കുകളിലെ വലിയ വ്യത്യാസം പരിശോധിക്കേണ്ടതുണ്ടെന്ന് യാദവ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഉണ്ടായിട്ടുള്ള വരുമാന നഷ്ടം കൃത്യമായി കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഥുലാ, സോം​ഗോ, ബാബാ മന്ദിർ, ലാചെൻ, ലാചുങ്, യുംതാങ്, ഗുരുഡോങ്മാർ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള പെർമിറ്റുകൾക്കായി ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കാനാണ് പദ്ധതി. സിക്കിം ആസ്ഥാനമായുള്ള ടൂർ ഓപ്പറേറ്റർമാർ ഓൺലൈനായി അപേക്ഷ നൽകും. എന്നാൽ പെർമിറ്റ് അനുവദിക്കുന്നതിനുള്ള അധികാരം ടൂറിസം വകുപ്പിൽ തന്നെ തുടരും.

സ്വകാര്യ കമ്പനിക്ക് സംവിധാനം കൈമാറുമെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. പോർട്ടൽ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക മാത്രമായിരിക്കും സ്വകാര്യ സേവനദാതാവിന്റെ ചുമതലയെന്നും ഡാറ്റയും അതിലൂടെ ലഭിക്കുന്ന വരുമാനവും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡാറ്റയുടെ ഉടമസ്ഥാവകാശം, സംഭരണം, ഉപയോഗം എന്നിവ സംബന്ധിച്ച് വ്യക്തത വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

പെർമിറ്റ് ഫീസ് വർധിപ്പിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വിഭാഗമനുസരിച്ച് 2,000 മുതൽ 5,000 രൂപ വരെയും ബൈക്കുകൾക്ക് 500 മുതൽ 1,000 രൂപ വരെയുമാണ് പുതിയ നിരക്കുകൾ. 2007ൽ നിശ്ചയിച്ച 200 രൂപയുടെ നിരക്ക് കാലാനുസൃതമായി പരിഷ്കരിച്ചിട്ടില്ലെന്നും പണപ്പെരുപ്പം കണക്കിലെടുത്താണ് പുതിയ നിരക്കുകൾ നിർദേശിച്ചതെന്നും സർക്കാർ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചുള്ള വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും നിർദേശം മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കുക. അംഗീകാരം ലഭിച്ചാൽ ഏകദേശം രണ്ട് മാസത്തിനകം പുതിയ സംവിധാനം പ്രവർത്തനക്ഷമമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം

Tags:    
News Summary - Sikkim Tourism Permit Goes Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.