ഡൽഹിയിൽ വായുമലിനീകരണം തടയാൻ നിർമാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ വിലക്ക്

ന്യൂഡൽഹി: വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് 42 ദിവസത്തേക്ക് സമ്പൂർണ വിലക്ക്. ഡിസംബർ 10 മുതൽ ജനുവരി 20 വരെയാണ് വിലക്ക് ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. വിലക്ക് ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. 500 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള നിർമാണ സ്ഥലങ്ങൾ ഡൽഹി സർക്കാരിന്റെ ഡസ്റ്റ് പോർട്ടലും എ.ഐ ക്യാമറകളും ഉപയോഗിച്ച് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശൈത്യകാലത്ത് ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നിലവിലുണ്ടായിരുന്നപ്പോഴും ചില സ്ഥലങ്ങളിൽ മറച്ചുവെച്ച് നിർമാണ പ്രവർത്തനങ്ങൾ തുടർന്നതായി രേഖ ഗുപ്ത പറഞ്ഞു. ഇത്തവണ ഇത്തരം പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കും. നിയമലംഘനം കണ്ടെത്തിയാൽ നോട്ടീസ് നൽകുകയും മുന്നറിയിപ്പും പിഴയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിമലിനീകരണം നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി ഡൽഹി സർക്കാർ ജൂലൈയിൽ ഡസ്റ്റ് പോർട്ടൽ 2.0 അവതരിപ്പിച്ചിരുന്നു. ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി വികസിപ്പിച്ച സംവിധാനത്തിൽ ജി.ഐ.എസ് മാപ്പിങ്, ലൈവ് 360 ഡിഗ്രി പി.ടി.സെഡ് ക്യാമറകൾ, പി.എം10, പി.എം2.5 സെൻസറുകൾ, എ.ഐ അധിഷ്ഠിത വിശകലനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 418 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണമുള്ള നിർമാണ സ്ഥലങ്ങളാണ് ഡസ്റ്റ് പോർട്ടൽ വഴി നിരീക്ഷിക്കുന്നത്. മലിനീകരണ തോതിന്റെ അടിസ്ഥാനത്തിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് അലർട്ടുകൾ സൃഷ്ടിക്കാനും നിയമലംഘനം കണ്ടെത്തിയാൽ ഡിജിറ്റലായി നോട്ടീസ് നൽകാനും തുടർനടപടികൾ സ്വീകരിക്കാനും പോർട്ടലിന് കഴിയും. ജില്ല തിരിച്ചുള്ള നിരീക്ഷണം, മലിനീകരണ പ്രവണതകൾ, ഹോട്ട്‌സ്‌പോട്ട് വിശകലനം എന്നിവയ്ക്കുള്ള സംവിധാനവും പോർട്ടലിലുണ്ട്. ലൈവ് ക്യാമറ ദൃശ്യങ്ങൾ, സെൻസർ വിവരങ്ങൾ, എ.ഐ വിശകലനം എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കും നിർമാണ പദ്ധതികളുടെ നടത്തിപ്പുകാർക്കും നിർമാണ സ്ഥലങ്ങൾ ദൂരത്തിരുന്നും നിരീക്ഷിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Delhi Construction Ban Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.