സുപ്രീം കോടതി

ത്രിഭാഷാ നയം; ആറാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം ഇളവ് നൽകാമോ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ത്രിഭാഷാ നയം നടപ്പാക്കുന്നതിൽ ആറാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം ഇളവ് നൽകാനാകുമോയെന്ന് സി.ബി.എസ്.ഇയോട് സുപ്രീം കോടതി. നയം അടുത്ത വർഷം മുതൽ നടപ്പാക്കിയാൽ അതിനിടയിൽ ആവശ്യമായ അധ്യാപകരെയും അടിസ്ഥാന സൗകര്യങ്ങളെയും ഒരുക്കാനാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പുതിയ നയപ്രകാരം വിദ്യാർഥികൾ രണ്ട് ഇന്ത്യൻ ഭാഷകൾ തിരഞ്ഞെടുക്കണം. ഇംഗ്ലീഷിനെ ഇന്ത്യൻ ഭാഷയായി കണക്കാക്കാനാകുമോ എന്നതും വ്യാഴാഴ്ച കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഇംഗ്ലീഷ് വിദേശ ഭാഷയോ ഇന്ത്യൻ ഭാഷയോ അല്ലെന്നായിരുന്നു സി.ബി.എസ്.ഇക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ വിശദീകരണം. എന്നാൽ ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷയുടെ ചരിത്രവും സമൂഹത്തിൽ അതിനുള്ള വേരോട്ടവും കണക്കിലെടുത്ത് അതിന്റെ സ്ഥാനം എങ്ങനെ നിർവചിക്കണമെന്നതിൽ വ്യക്തത വേണമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

‘നേറ്റീവ്’ എന്ന പദത്തിന് കൊളോണിയൽ പശ്ചാത്തലമുണ്ടെന്നും അതിന് പകരം ‘ഇൻഡിജിനസ്’ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രിഭാഷാ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ അടിസ്ഥാനപരമായി തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എന്നാൽ അത് പ്രായോഗികമായി എങ്ങനെ നടപ്പാക്കണമെന്നതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

നയം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഇന്ത്യൻ ഭാഷകളിലുള്ള ക്ലാസ് തലത്തിലുള്ള പരീക്ഷകൾ ഈ വർഷം ഒഴിവാക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി പരിഗണിച്ചു. എന്നാൽ ഇവ പ്രാഥമികതലത്തിലുള്ള പരീക്ഷകളായിരിക്കുമെന്നും പരീക്ഷയിലെ മാർക്ക് വിദ്യാർഥികളുടെ പ്രകടനം വിലയിരുത്താൻ ഉപയോഗിക്കില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചതിനെ തുടർന്ന് പരീക്ഷകൾ നടത്താൻ കോടതി അനുവദിച്ചു.

നിലവിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസിൽ രണ്ട് ഇന്ത്യൻ ഭാഷകളിലുള്ള അന്തിമ പരീക്ഷ എഴുതുന്നതിൽ നിന്ന് ഇളവ് നൽകാനാകുമോയെന്നും ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. സി.ബി.എസ്.ഇയുടെ കീഴിൽ രാജ്യത്തെ ഏകദേശം നാല് ശതമാനം സ്കൂളുകൾ മാത്രമാണുള്ളതെന്നും ബാക്കി 96 ശതമാനം സംസ്ഥാന ബോർഡുകൾക്ക് കീഴിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധ്യാപക പരിശീലനത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിലും സ്കൂളുകൾക്കിടയിൽ വ്യത്യാസങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു ഇന്ത്യൻ ഭാഷ കൂടി പഠിപ്പിക്കേണ്ടി വന്നാൽ അതിന് ആവശ്യമായ അധ്യാപകരെയും അടിസ്ഥാന സൗകര്യങ്ങളെയും ഒരുക്കാൻ സ്കൂളുകൾക്ക് സമയം വേണമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. കോടതി ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച ശേഷം മറുപടി നൽകുമെന്ന് സി.ബി.എസ്.ഇക്കുവേണ്ടി ഹാജരായ ഐശ്വര്യ ഭാട്ടി അറിയിച്ചു.

Tags:    
News Summary - Supreme Court Three-Language Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.