ജോസഫ് വിജയ്, അമിത് ഷാ

മണ്ഡല പുനർനിർണയം: അമിത് ഷായെ കണ്ടശേഷം വിജയ് നിലപാട് മാറ്റിയോ? വിമർശനവുമായി കോൺ​ഗ്രസും ഡി.എം.കെയും

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയ വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിലപാട് മാറ്റിയെന്ന് ആരോപിച്ച് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ഡിഎംകെ രംഗത്ത്. ലോക്‌സഭാ സീറ്റുകളുടെ ആകെ എണ്ണം 543 ആയി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കിയ ശേഷം, സൗത്ത് സോണൽ കൗൺസിൽ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ 'ഫെയർ ഡിലിമിറ്റേഷൻ' ആവശ്യപ്പെട്ടത് തമിഴ്‌നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു.

ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാൻ നിയമപരമായ ഉറപ്പ് നൽകണമെന്ന് ചെങ്കൽപേട്ടിൽ നടന്ന സൗത്ത് സോണൽ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിലെ 'സീറ്റുകൾ 543 ആയി നിലനിർത്തണം' എന്ന കർശന നിലപാടിൽ നിന്ന് വ്യതിചലിച്ച് കേന്ദ്രത്തിന് വഴങ്ങുന്ന നിലപാടാണ് ടിവികെ സർക്കാർ സ്വീകരിച്ചതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.

മണ്ഡല പുനർനിർണയത്തെ അനുകൂലിക്കുന്നവരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുൻപ് 'എട്ടപ്പന്മാർ' (ചതിയന്മാർ) എന്ന് വിശേഷിപ്പിച്ച കാര്യം ഓർമിപ്പിച്ച ഡിഎംകെ, ടിവികെയുടെ സഖ്യകക്ഷിയായ കോൺഗ്രസ് ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുമോ അതോ മൗനം പാലിച്ച് പിന്തുണയ്ക്കുമോ എന്നും ചോദിച്ചു. ഇത് ടിവികെ-കോൺഗ്രസ് സഖ്യത്തിനുള്ളിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടിനോട് വിയോജിച്ച് കൊണ്ട് കോൺഗ്രസ് എം.പി എസ്. ജ്യോതിമണിയും രംഗത്തെത്തി. അടുത്ത ഇരുപത്തഞ്ചു വർഷത്തേക്ക് പാർലമെന്റ് സീറ്റുകൾ 543 ൽ നിലനിർത്തണം എന്നാണ് ഞങ്ങളുടെ പ്രഖ്യാപിത നിലപാടെന്നും, ഈ 543 സീറ്റിനുള്ളിൽ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കണം എന്നുമാണ് കോൺഗ്രസിന്റെയും 'ഇന്ത്യ' സഖ്യത്തിന്റെയും വാദമെന്നും ജ്യോതിമണി വ്യക്തമാക്കുന്നു. മാത്രമല്ല, ടി.വി.കെ സർക്കാറോ മുഖ്യമന്ത്രി വിജയിയോ ഇതിൽ നിന്ന് പിന്നോട്ട് പോവേണ്ട സാഹചര്യമില്ലെന്നും എം.പി കൂട്ടിച്ചേർത്തു.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിജപ്പെടുത്തണമെന്ന കർശന നിലപാടിൽ നിന്ന് വ്യതിചലിച്ച്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ ശതമാനം നിലനിർത്തുന്ന തരത്തിലുള്ള മണ്ഡല പുനർനിർണയത്തെ മുഖ്യമന്ത്രി പിന്തുണച്ചത് ബിജെപി മുന്നോട്ട് വെക്കുന്ന നയങ്ങളുമായി ഒത്തുപോകുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് വിജയ് നിലപാടിൽ അയവ് വരുത്തിയത്. നിയമസഭയിൽ പ്രമേയം പാസാക്കി ദിവസങ്ങൾക്കകം ഇത്തരമൊരു നിലപാട് മാറ്റം ഉണ്ടാകാൻ കാരണമെന്താണെന്ന് വ്യക്തമാക്കാൻ ഡിഎംകെയ്ക്ക് പുറമെ എഐഎഡിഎംകെയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയതിന്റെ പേരിൽ തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാധാന്യവും പാർലമെന്റിലെ ശബ്ദവും ദുർബലപ്പെടരുതെന്ന വിശാല താല്പര്യമാണ് മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയതെന്ന് ടിവികെ വൃത്തങ്ങൾ വിശദീകരിക്കുന്നു. 

Tags:    
News Summary - Delimitation Row: DMK Slams Tamil Nadu CM Vijay Over Stance; Questions Congress Allies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.