ക്രിപ്‌റ്റോ കറൻസി നിയമപരമായ സ്വത്താണെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: ക്രിപ്‌റ്റോ കറൻസി ഇന്ത്യൻ നിയമപ്രകാരം സ്വത്തിൽ ഉൾപ്പെടുത്താമെന്നും അത് ഉടമസ്ഥാവകാശം സ്ഥാപിക്കാനും കൈവശം വെക്കാനും ട്രസ്റ്റായി കൈമാറ്റം ചെയ്യാനും സാധിക്കുന്ന സ്വത്താണെന്നുമാണ് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി. ക്രിപ്റ്റോ കറന്‍സി ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങള്‍ സാധാരണ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാധകമായ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പിന്തുടരണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് വ്യക്തമാക്കി. ക്രിപ്റ്റോ കറന്‍സി നിക്ഷേപ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരേ ചെന്നൈയില്‍നിന്നുള്ള നിക്ഷേപക നല്‍കിയ ഹരജിയിലാണ് കോടതിവിധി. ഹരജിക്കാരിയുടെ നിക്ഷേപത്തിന് ഇടക്കാലസംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

സെന്‍മായി ലാബ്സിന്റെ വസീര്‍എക്സ് എന്ന ക്രിപ്റ്റോ എക്‌സ്ചേഞ്ചിന് നേരെ 2024ല്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ ഇആര്‍സി20 കറന്‍സി ശേഖരം മോഷ്ടിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വസീര്‍എക്സിന്റെ എല്ലാ നിക്ഷേപ അക്കൗണ്ടുകളും മരവിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്തായിരുന്നു ചൈന്നൈ സ്വദേശിയുടെ ഹരജി. 1.98 ലക്ഷം രൂപ നല്‍കി അവര്‍ 3532 എക്സ്ആർ.പി ക്രിപ്റ്റോ കറന്‍സിയാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. ക്രിപ്റ്റോ കറന്‍സി വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള സാങ്കേതിക സംവിധാനമാണ്. അവ കൈമാറ്റം ചെയ്യാവുന്നതും നിശ്ചിത വ്യക്തികള്‍ക്കുമാത്രം നിയന്ത്രണം കൈയാളാന്‍ സാധിക്കുകയും ചെയ്യും.

ക്രിപ്‌റ്റോ കറന്‍സി കറന്‍സിയല്ല. പക്ഷേ, ഇന്ത്യന്‍ നിയമത്തിന് കീഴില്‍ വരുന്ന ആസ്തിയാണെന്നതില്‍ സംശയം ആവശ്യമില്ല. ആസ്തിയായി കണക്കാകാന്‍ കഴിയുന്ന എല്ലാ സവിശേഷതകളും ക്രിപ്‌റ്റോ കറന്‍സിക്കുണ്ട്. അതിനാല്‍ സമ്പാദിക്കാം, നിക്ഷേപമായി സൂക്ഷിക്കാം, വിപണനം ചെയ്യുകയുമാവാം എന്നുമാണ് കോടതിയുടെ നിലപാട്. ക്രിപ്‌റ്റോ കറൻസി ആദായനികുതി നിയമം 1961ലെ സെക്ഷൻ 2(47എ) പ്രകാരം വിർച്വൽ ഡിജിറ്റൽ അസറ്റ് എന്ന നിർവചനത്തിനുള്ളിൽ ഉൾപ്പെടുന്നതായും ഇത് ഊഹക്കച്ചവടമായി കണക്കാക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Madras High Court Recognises Cryptocurrency As Property Under Indian Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.