തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു പതിറ്റാണ്ടിന് ശേഷം തോറ്റ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച് മദ്രാസ് ഹൈകോടതി

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരു പതിറ്റാണ്ടിന് ശേഷം, തോറ്റതായി പ്രഖ്യാപിച്ച സ്ഥാനാർഥിയെ യഥാർഥ വിജയിയായി പ്രഖ്യാപിച്ച് മദ്രാസ് ഹൈകോടതി. 2016-2021 നിയമസഭാ കാലാവധിയിൽ തിരുനെൽവേലി ജില്ലയിലെ രാധാപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ച മുൻ സ്പീക്കർ കൂടിയായ എം. അപ്പാവുവിനെയാണ് കോടതി വിജയിയായി പ്രഖ്യാപിച്ചത്. ഡി.എം.കെ സ്ഥാനാർഥിയായിരുന്ന അപ്പാവു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ഉത്തരവ്. അന്ന് 49 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ഐ.എസ്. ഇൻബദുരൈ യഥാർഥത്തിൽ പരാജയപ്പെട്ടതാണെന്ന് കോടതി കണ്ടെത്തി.

തെരഞ്ഞെടുപ്പ് കേസുകൾ തീർപ്പാക്കാൻ പത്ത് വർഷത്തോളം വൈകിയതിനെ കോടതി അതിശക്തമായി വിമർശിച്ചു. ഇത്തരം കാലതാമസങ്ങൾ ജനാധിപത്യ തത്വങ്ങളെ തകർക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജനപ്രാതിനിധ്യ നിയമത്തിലെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നത് വോട്ടവകാശത്തിന്റെ യഥാർഥ വീര്യത്തെ ഇല്ലാതാക്കും. കോടതികൾ പോലും കാര്യങ്ങൾ ഗൗരവത്തോടെ എടുത്തില്ലെങ്കിൽ ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടി, എന്നാൽ ഏകാധിപത്യ വഴിയിലേക്ക് പോയ രാജ്യങ്ങളെ പോലെ നമ്മുടെ നാടും പോകേണ്ടി വരുമെന്ന് ജസ്റ്റിസ് ജയചന്ദ്രൻ ആശങ്ക പ്രകടിപ്പിച്ചു. രാധാപുരത്തെ വോട്ടർമാർ തങ്ങൾ തെരഞ്ഞെടുക്കാത്ത ഒരു വ്യക്തിയെ ജനപ്രതിനിധിയായി സഹിക്കാൻ നിർബന്ധിതരായത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

വോട്ടെണ്ണൽ വേളയിൽ 203 തപാൽ വോട്ടുകൾ നിരസിച്ചതായിരുന്നു പ്രധാന തർക്കം. തനിക്ക് അനുകൂലമായ വോട്ടുകൾ തെറ്റായ കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞതാണെന്ന് അപ്പാവു വാദിച്ചു. എന്നാൽ മിഡിൽ സ്കൂൾ പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തിയതിനാലാണ് വോട്ടുകൾ തള്ളിയതെന്നായിരുന്നു എതിർഭാഗത്തിന്റെ വാദം. തുടർന്ന് 2019ൽ ഹൈകോടതി വോട്ട് വീണ്ടും എണ്ണാൻ ഉത്തരവിട്ടെങ്കിലും സുപ്രീം കോടതി ഇത് സ്റ്റേ ചെയ്തു. പിന്നീട്, കേസ് ആറ് വർഷത്തോളം നീണ്ടുപോവുകയായിരുന്നു. നിയമസഭയുടെ കാലാവധി കഴിഞ്ഞതിനു ശേഷമാണ് സുപ്രീം കോടതി കേസ് തീർപ്പാക്കിയത്.

പ്രധാനാധ്യാപകർക്ക് വോട്ട് സാക്ഷ്യപ്പെടുത്താൻ അധികാരമുണ്ടോ എന്ന നിയമപരമായ ചോദ്യത്തിന് സുപ്രീം കോടതി മറുപടി നൽകാത്തതിൽ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. പുനർനിർണയ രേഖകൾ പരിശോധിച്ചപ്പോൾ അപ്പാവുവിന് 153 സാധുവായ തപാൽ വോട്ടുകൾ ലഭിച്ചതായും ഇൻബദുരൈക്ക് ഒരെണ്ണം മാത്രമാണ് കിട്ടിയതെന്നും വ്യക്തമായി. ഇതോടെ അപ്പാവു 103 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു. ഇൻബദുരൈയെ അയോഗ്യനാക്കിയില്ലെങ്കിലും ആ കാലയളവിലെ എം.എൽ.എ പെൻഷന് അർഹതയുണ്ടാവില്ലെന്നും ഔദ്യോഗിക രേഖകളിൽ അപ്പാവുവിന്റെ പേര് ചേർക്കണമെന്നും കോടതി നിർദ്ദേശിച്ചു.


Tags:    
News Summary - Madras High Court declares defeated candidate as winner a decade after election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.