കേന്ദ്ര സർക്കാറിന് തിരിച്ചടി: ‘വികടൻ’ മാസികയുടെ വിലക്ക് പിൻവലിക്കണം; മദ്രാസ് ഹൈകോടതിയുടേതാണ് ഉത്തരവ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർട്ടൂൺ മുഖചിത്രമായി പ്രസിദ്ധീകരിച്ചതിനു പിന്നാലെ തമിഴ് ഓൺലൈൻ മാസിക ‘വികട’ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈകോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് ഉത്തരവ്.

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ യു.എസിൽനിന്നു വിലങ്ങുവെച്ച് നാട്ടിലെത്തിച്ച സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ഈമാസം 10നു പുറത്തിറങ്ങിയ മാസികയിലാണ് മോദിയെ ചങ്ങലക്കിട്ട നിലയിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. പിന്നാലെയാണ് വികടന്റെ വെബ്‌സൈറ്റ് കേന്ദ്ര സർക്കാർ തടഞ്ഞത്. കേന്ദ്ര സർക്കാർ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കി. കാർട്ടൂൺ ഉൾപ്പെട്ട പേജ് വെബ്സൈറ്റിൽനിന്ന് താൽക്കാലികമായി നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. മാസികയിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്നും യു.എസുമായുള്ള സൗഹൃത്തെ ബാധിക്കില്ലെന്നും വികടൻ മാസികക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിജയ് നാരായൺ കോടതിയിൽ പറഞ്ഞു.

അതേസമയം, ഇത്തരം കാർട്ടൂണുകൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാറിനായി ഹാജരായ അഡീഷണൽ സോലിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ കോടതിയിൽ പറഞ്ഞു. കാർട്ടൂൺ പിൻവലിക്കുകയാണെങ്കിൽ വികടന്‍റെ വിലക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കാർട്ടൂൺ വെബ്സൈറ്റിൽനിന്ന് നീക്കിയതായി പിന്നീട് വികടൻ മാസികയുടെ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത തീരുമാനം ഫാഷിസത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ അപലപിക്കുന്നതായി ചെന്നൈ പ്രസ് കൗണ്‍സിലും പ്രതികരിച്ചു. തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ വികടനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്.

സൈറ്റ് വിലക്കിയെന്ന അറിയിപ്പ് കേന്ദ്രസർക്കാരിൽനിന്ന് ഔദ്യോഗികമായി ലഭിച്ചില്ലെന്നു വ്യക്തമാക്കിയ വികടൻ അധികൃതർ, അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിർഭയം നിലകൊള്ളുമെന്നും പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ആറിനു ശേഷമാണു വെബ്സൈറ്റ് മൊബൈൽ ഫോണുകളിൽ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നത്.

Tags:    
News Summary - Madras HC orders Indian govt to lift ban on Vikatan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.