ന്യൂഡൽഹി: ചോദ്യക്കോഴ സംബന്ധിച്ച പരാതിയിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയോട് ഈ മാസം 31ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. പരാതിക്കാരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായ് എന്നിവരിൽനിന്ന് വാക്കാൽ തെളിവെടുത്ത ശേഷമാണ് നടപടി.
ചോദ്യക്കോഴ സംബന്ധിച്ച തെളിവുകൾ വ്യക്തമാണെന്നും മഹുവ മൊയ്ത്രയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കണമെന്നുമാണ് നിഷികാന്ത് ദുബെ സഭാ സമിതിയോട് പറഞ്ഞത്. ആരോപണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിൽ ആഭ്യന്തര, ഐ.ടി മന്ത്രാലയങ്ങളുടെ സഹായം തേടുമെന്ന് ബി.ജെ.പി എം.പി കൂടിയായ സമിതി ചെയർമാൻ വിനോദ്കുമാർ സോങ്കർ പറഞ്ഞു.
15 അംഗ എത്തിക്സ് കമ്മിറ്റിയിൽ ചെയർമാന് പുറമെ യോഗത്തിൽ ഹാജരായ 10 അംഗങ്ങൾക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസമാണ് ഉയർന്നത്. പരാതി നൽകിയവരെയാണോ, കുറ്റാരോപിതയെയാണോ ആദ്യം കേൾക്കേണ്ടത് എന്നതിനെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ വോട്ടെടുപ്പ് വേണ്ടിവന്നു. ലോക്സഭയിൽ ബി.എസ്.പി അംഗം ഡാനിഷ് അലിയെ ബി.ജെ.പിയിലെ രമേശ് ബിധുരി അധിക്ഷേപിച്ച വിഷയം പരിശോധിക്കുന്ന അച്ചടക്ക സമിതി കുറ്റാരോപിതനെയാണ് ആദ്യം കേൾക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി.
വോട്ടെടുപ്പ് നടത്തിയപ്പോൾ എതിർത്തവർക്കും അനുകൂലിച്ചവർക്കും തുല്യവോട്ട് -അഞ്ചു വീതം. ഇതേ തുടർന്ന് ബി.ജെ.പിക്കാരനായ ചെയർമാൻ കാസ്റ്റിങ് വോട്ടവകാശം ഉപയോഗിച്ചു. പരാതിക്കാരെ ആദ്യം കേൾക്കണമെന്ന് വാദിച്ചു. തുടർന്ന് നിഷികാന്ത് ദുബെയുടെയും ജയ് ആനന്ദിന്‍റെയും വാദമുഖങ്ങൾ കേട്ടു.
മഹുവ മൊയ്ത്രക്കെതിരായ പരാതിയിൽ പാർലമെന്‍റിന്‍റെ അന്തസ്സ്, ദേശസുരക്ഷ എന്നീ പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നിഷികാന്ത് അഭിപ്രായപ്പെട്ടു. കോഴ നൽകിയെന്ന് പറയുന്ന വ്യവസായി ദർശൻ ഹീരാനന്ദാനി, അത് ശരിവെച്ചിട്ടുണ്ട്.
ഇത്രയുമായതോടെ, നിഷികാന്ത് ദുബെയുടെ വ്യാജ ഡിഗ്രി വിഷയം കോൺഗ്രസിലെ എൻ. ഉത്തംകുമാർ റെഡി ഉന്നയിച്ചു. ചൂടേറിയ വാക്കേറ്റമാണ് തുടർന്നുണ്ടായത്. തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയും പോലെയുള്ള ഭരണഘടന സ്ഥാപനങ്ങൾ ഈ വിഷയം പരിശോധിച്ച് തള്ളിയതാണെന്ന് ഭരണപക്ഷം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.