മ​ഹു​വ മൊ​യ്ത്ര

കളിയായി കാണരുത്; നവംബർ രണ്ടിന് ഹാജരാകണമെന്ന് മഹുവക്ക് എത്തിക്സ് കമ്മിറ്റിയുടെ താക്കീത്

ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ചോദ്യം ചെയ്യാൻ നവംബർ രണ്ടിന് നിർബന്ധമായും ഹാജരാകണമെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്ക് നോട്ടീസയച്ച് പാർലമെന്റ് എത്തിക്സ് കമ്മിറ്റി. ഇക്കാര്യത്തിൽ ഇനി സമയം നീട്ടിനൽകില്ലെന്നും കമ്മിറ്റി ഓർമപ്പെടുത്തി.

ഒക്ടോബർ 31ന് ഹാജരാകണമെന്നാണ് എത്തിക്സ് കമ്മിറ്റി നേരത്തേ ആവശ്യപ്പെട്ടത്. എന്നാൽ നവംബർ അഞ്ചിനു ശേഷമേ ഹാജരാകാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു മഹുവയുടെ മറുപടി. മഹുവക്കെതിരായ ആരോപണം ഗൗരവപരമാണെന്നും എന്തുകാരണം പറഞ്ഞാലും സമയം നീട്ടിനൽകാനാവില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ചോദ്യങ്ങൾ ചോദിക്കാൻ പാർലമെന്റ് ലോഗിൻ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന് മഹുവ സമ്മതിച്ചിരുന്നു. അതിന് താൻ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും മഹുവ അവകാശപ്പെട്ടു. ഒരു സ്കാർഫും കുറച്ച് ലിപ്സ്റ്റിക്കുകളും ഐ ഷാഡോ ഉൾപ്പെടെയുള്ള ഏതാനും മെയ്ക്കപ്പ് സാധനങ്ങളുമാണ് സമ്മാനമായി ലഭിച്ചതെന്നും മഹുവ പറഞ്ഞു. ഹിരാനന്ദാനിയെ വിചാരണ ചെയ്യാൻ തനിക്ക് ഒരവസരം തരണമെന്നും മഹുവ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.

പാർല​മെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് അവസരം നൽകുക വഴി വൻ തുക മഹുവ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഇതുസംബന്ധിച്ച അന്വേഷണത്തിന് വിശദീകരണം നൽകാനായി പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവക്ക് നോട്ടീസ് അയച്ചിരുന്നു. ഈ മാസം 31ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദേശം.

എന്നാൽ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം വേണമെന്നും നവംബർ അഞ്ചുവരെ തന്റെ മണ്ഡലമായ കൃഷ്ണനഗറിൽ ഒഴിച്ചുകൂടാനാകാത്ത പരിപാടികളുണ്ടെന്നുമായിരുന്നു ഇതിന് മഹുവ മറുപടി നൽകിയത്. മഹുവക്കെതിരായ ആ​രോപണം ഗുരുതരമാണെന്നും പാർലമെന്റ് ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് എത്തിക്സ് കമ്മിറ്റിയിലെ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. പരാതി നൽകിയ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെയും സത്യവാങ്മൂലത്തിൽ ഒപ്പുവെച്ച സുപ്രീംകോടതി അഭിഭാഷകൻ ജയ് ആനന്ദ് ദേഹദ്രായിയുടെ മൊഴികൾ എത്തിക്സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു.

ഒരു വിദൂര നിയോജക മണ്ഡലത്തിൽ നിന്ന് ജോലി ചെയ്തതിനാൽ ഹിരാനന്ദാനിയുമായി ലോഗിൻ വിവരങ്ങൾ പങ്കിട്ടതിനെ ​മഹുവ മൊയ്ത്ര ന്യായീകരിക്കുകയും ചെയ്തു. ലോഗിൻ ചെയ്യുന്നതിന് മുമ്പ് ഒ.ടി.പി ലഭിക്കും. എപ്പോഴും എന്റെ ടീം അതിൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യും. സർക്കാർ, പാർലമെന്ററി വെബ്സൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന എൻ.ഐ.സിക്ക് ഇതിൽ ഇതിനെതിരെ നിയമങ്ങളൊന്നുമില്ലെന്നും മഹുവ പറഞ്ഞു.

ദുബൈയിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറിൽ നിന്നാണ് മേയ്ക്കപ്പ് സാധനങ്ങൾ വാങ്ങിയതെന്നും വീട്ടിലെ ഇന്റീരിയർ മാറ്റുന്നതുമായി ബന്ധപ്പെട്ട് ദർശനോട് ഉപദേശം തേടിയിരുന്നെന്നും മഹുവ വ്യക്തമാക്കി. ദർശൻ നൽകിയ ഡിസൈൻ സെൻട്രൽ പബ്ലിക് വർക്സ് ഡിപാർട്മെന്റിന് സമർപ്പിച്ചിരുന്നു. തന്റെ ബംഗ്ലാവിന്റെ നവീകരണം നടത്തിയ സർക്കാർ ബോഡിയാണെന്നും മഹുവ സൂചിപ്പിച്ചു. ഒരു സുഹൃത്തെന്ന നിലയിൽ മുംബൈയിൽ എത്തുമ്പോൾ ദർശൻ ഹിരനന്ദാനിയുടെ കാർ ആണ് യാത്രക്ക് ഉപയോഗിച്ചിരുന്നതെന്നും അല്ലാതെ തനിക്ക് രണ്ട് കോടി കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ എന്നാണ്, എവിടെ വെച്ചാണ് പണം നൽകിയതെന്ന കാര്യം ദർശൻ കൃത്യമായി വ്യക്തമാക്കണമെന്നും മഹുവ ആവശ്യപ്പെട്ടു.

Tags:    
News Summary - Lok Sabha ethics panel calls Mahua Moitra on Nov 2, says 'won't entertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.