സോണിയയും രാഹുലും കളത്തിൽ; ജനവിധി തേടുന്നത് 674 സ്ഥാനാർഥികൾ
ന്യൂഡല്‍ഹി: സോണിയയുടെ റായ്ബറേലി. രാജ്നാഥിെൻറ ലഖ്നോ. രാഹുലിെൻറ അമേത്തി... പൊതുതെരഞ്ഞെടുപ്പിെൻറ അഞ്ചാം ഘട്ടത്തിലും തീ പാറും പോരാട്ടങ്ങൾക്ക് കുറവില്ല. അമേത്തിയിൽ രാഹുലിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പോരാട്ടമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. രാജീവ് പ്രതാപ് റൂഡി (മുസഫര്‍പുര്‍), അര്ജുന് മുണ്ട (റാഞ്ചി), ജയന്ത് സിന്‍ഹ (ഹസാരിബാഗ്), കൃഷ്ണ പുനിയ (ജയ്പുര്‍ റൂറല്‍), ദിനേഷ് ത്രിവേദി (ബാരക്പുര്‍) തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് മണ്ഡലങ്ങൾ. 674 സ്ഥാനാർഥികളാണ് ഇൗ ഘട്ടത്തിൽ ജനവിധി തേടുന്നത്.
ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേത്തിയിലും കോൺഗ്രസ് സമ്പൂർണ വിജയപ്രതീക്ഷയിലാണ്. 2014ൽ മോദിതരംഗത്തിലും മറിയാത്ത മണ്ഡലം തങ്ങെള കൈവിടില്ലെന്ന പ്രതീക്ഷയിലാണ് സോണിയയും രാഹുലും. യു.പിയിലെ 14 മണ്ഡലങ്ങളിൽ പത്തിടത്തെങ്കിലും കടുത്ത മത്സരം നടക്കുന്നുണ്ട്. അതിൽ റായ്ബറേലിക്കും അമേത്തിക്കും പുറമേ ലഖ്നോയും ഏറക്കുറെ സിറ്റിങ് എം.പിമാരെ തുണക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് ലഖ്നോയിലെ സ്ഥാനാർഥി. അടുത്തിടെ സമാജ്വാദി പാർട്ടിയിൽ ചേർന്ന പൂനം സിൻഹയാണ് (ശത്രുഘൻ സിൻഹയുടെ ഭാര്യ) രാജ്നാഥിെൻറ എതിരാളി.
2014ൽ രാജസ്ഥാനിൽ സമ്പൂർണ പരാജയമായിരുന്നു കോൺഗ്രസിന്. ആകെയുള്ള 25 സീറ്റും തൂത്തുവാരിയത് ബി.ജെ.പി. സംസ്ഥാന ഭരണം ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിച്ച കോൺഗ്രസിന് കഴിഞ്ഞതവണ നഷ്ടമായ സീറ്റുകളും തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയുണ്ട്. ബിഹാറിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന അഞ്ചിടത്തും എൻ.ഡി.എ സഖ്യമാണ് 2014ൽ വിജയിച്ചത്. കോൺഗ്രസ് -ആർ.ജെ.ഡി സഖ്യത്തിന് അതിൽ എത്ര വിള്ളൽ വീഴ്ത്താനാകുമെന്നാണ് കണ്ടറിയേണ്ടത്.
ബംഗാളിൽ ഏഴിൽ ഏഴും കഴിഞ്ഞതവണ തൃണമൂലിനൊപ്പമായിരുന്നു. ആ പതിവ് ഇക്കുറിയും തെറ്റാൻ ഇടയില്ല. രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ ബി.ജെ.പി മത്സരവീര്യം കാട്ടുന്നതൊഴിച്ചാൽ അത്ഭുതത്തിന് വകയില്ല. അതേസമയം, തെരഞ്ഞെടുപ്പ് ദിവസം അതിക്രമം പതിവായതോടെ മുഴുവൻ മണ്ഡലങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചാകും ഇന്നത്തെ വോട്ടെടുപ്പ്.
ജമ്മു-കശ്മീരിലെ ലഡാക്ക് മണ്ഡലത്തിൽ കാർഗിൽ, ലേ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പും ഇന്ന് നടക്കും. കേന്ദ്രമന്ത്രി ജയന്ത് സിൻഹ, മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടെ, മുൻ എം.എൽ.എ കാളിചരൺ മുണ്ടെ അടക്കം 61 പേരാണ് ഝാര്‍ഖണ്ഡില്‍ നാലിടത്തെ ജനവിധി അറിയാൻ മത്സരിക്കുന്നത്. 29 മണ്ഡലങ്ങളിൽ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ ഇക്കുറി കടുത്ത മത്സരമാണ്. ഏഴ് മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. ഏപ്രിൽ 29ന് നടന്ന ആദ്യഘട്ടത്തിൽ ആറിടത്തായിരുന്നു പോളിങ്. ആറ്, ഏഴ് ഘട്ടങ്ങൾ മേയ് 12, 19 തീയതികളിൽ നടക്കും. ഈ രണ്ട് ഘട്ടങ്ങളിലും എട്ട് മണ്ഡലങ്ങളിൽ വീതമാണ് വോട്ടെടുപ്പ്. 2014ൽ 29ൽ 27ലും വിജയിച്ചത് എൻ.ഡി.എയാണ്. കോൺഗ്രസിന് കിട്ടിയത് ശേഷിക്കുന്ന രണ്ടു മാത്രം. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രാതിനിധ്യം മൂന്നായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.