ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവർക്കും സർക്കാർ ജോലി നൽകുന്നതിന് നയം രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജോലി നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ഇരകൾക്ക് ഉപജീവനത്തിനായുള്ള അലവൻസ് നൽകാനുള്ള നയം ആവിഷ്കരിക്കാനും കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദേശം നൽകിയത്. ആസിഡ് ആക്രമണത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ വകുപ്പുകളിലോ ഏജൻസികളിലോ ജോലി നൽകുന്ന പദ്ധതി എന്തുകൊണ്ട് ഇതുവരെ തയാറാക്കിയില്ല എന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മറുപടി പറയണമെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ജോലി നൽകുന്നതിൽ പ്രായോഗികമായ തടസ്സങ്ങൾ ഉണ്ടെങ്കിൽ, ഇരകൾക്ക് മാസംതോറും മാന്യമായ തുക അലവൻസായി നൽകുന്നതിനുള്ള നയം സംസ്ഥാനങ്ങൾക്ക് രൂപീകരിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീൻ മാലിക് സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം. സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് കോടതിയുടെ അഭ്യർത്ഥന പ്രകാരം ഷഹീന് വേണ്ടി സൗജന്യമായി ഹാജരായത്. ഇരകൾ നേരിടുന്ന മറ്റ് പ്രയാസങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഡിജിറ്റൽ വെരിഫിക്കേഷനായി കണ്ണുകളുടെ കൃഷ്ണമണി സ്കാൻ ചെയ്യുക, കണ്ണ് ചിമ്മുക, വിരലടയാളം പതിപ്പിക്കുക തുടങ്ങിയ പ്രക്രിയകൾ ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് പലപ്പോഴും അസാധ്യമാണ്. ഇതിന് പകരമായി ഉൾക്കൊള്ളുന്നതും ലളിതവുമായ മറ്റൊരു ഡിജിറ്റൽ സംവിധാനം കൊണ്ടുവരണമെന്ന് ഇരകൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ആസിഡ് ആക്രമണ കേസുകളിൽ കുറ്റക്കാർക്ക് നൽകുന്ന ശിക്ഷ കൂടുതൽ കടുപ്പമുള്ളതാക്കണമെന്ന് ഈ വർഷം ആദ്യം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത്തരക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും, കുറ്റവാളികളുടെ സ്വത്തുവകകൾ കണ്ടുകെട്ടി അത് വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അഭിപ്രായപ്പെട്ടു. ബാങ്ക് അക്കൗണ്ട് തുറക്കൽ, ആധാർ കാർഡ് എടുക്കൽ, പ്രോപ്പർട്ടി രജിസ്‌ട്രേഷൻ, മൊബൈൽ സിം കാർഡ് വാങ്ങൽ തുടങ്ങിയവക്ക് ഇവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
നമ്മൾ അസാധാരണമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ശിക്ഷ വേദനിപ്പിക്കുന്ന ഒന്നല്ലെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ പരിഷ്കരണത്തിന് സ്ഥാനമില്ല. പ്രതികളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് അത് വിറ്റ് എന്തുകൊണ്ട് ഇരകൾക്ക് നഷ്ടപരിഹാരം നൽകിക്കൂടാ? എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തന്റെ കേസിൽ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതിനെത്തുടർന്നാണ് ഷഹീൻ മാലിക് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.