ന്യൂഡൽഹി: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ച് കോൺഗ്രസിനെതിരെ ‘സി.ജെ.പി’ ആയി പ്രവർത്തിക്കുന്നുവെന്ന് പ്രസംഗിച്ച രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ സി.പി.എം എം.പി ജോൺ ബ്രിട്ടാസും സി.പി.ഐ എം.പി സന്തോഷ് കുമാറും ‘ഇൻഡ്യ’ യോഗത്തിൽ പരാതിപ്പെട്ടു. സി.പി.എമ്മിനും കോൺഗ്രസിനുമിടയിലുള്ള പ്രശ്നങ്ങൾ ഇരുപാർട്ടികൾക്കുമിടയിൽ ചർച്ച ചെയ്താൽ മതിയെന്ന് മറ്റുകക്ഷി നേതാക്കൾ പറഞ്ഞുവെങ്കിലും ഇരുവരും വിഷയമുന്നയിക്കുകയായിരുന്നു. വിഷയം യോഗത്തിൽ പരാമർശിച്ചത് ശരിയായില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
പാർലമെന്റിൽ പ്രതിപക്ഷം ഒരുമിച്ച് സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ തിങ്കളാഴ്ച രാവിലെയാണ് ഇൻഡ്യ സഖ്യം യോഗം ചേർന്നത്. പാർലമെന്റ് തന്ത്രങ്ങൾ ചർച്ച ചെയ്തശേഷം തങ്ങൾക്ക് ഒരു വിഷയമുന്നയിക്കാനുണ്ടെന്ന് പറഞ്ഞ് ആദ്യം സന്തോഷ് കുമാറും പിന്നീട് ജോൺ ബ്രിട്ടാസും വിഷയമവതരിപ്പിച്ചു.
ബി.ജെ.പിക്ക് എതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നും ജോൺ ബ്രിട്ടാസും പറഞ്ഞു. തുടർന്ന്, ഈ വിവാദം കോൺഗ്രസ്, ഇടത് നേതാക്കൾ ചർച്ചചെയ്ത് പരിഹരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റ് നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള യോഗത്തിൽ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.