ഓം ബിർള
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങിയതിനെ തുടർന്ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദത്തിലെ ആദ്യദിനമായ തിങ്കളാഴ്ച ഇരുസഭകളും പ്രക്ഷുബ്ധമായി. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കേണ്ടിയിരുന്ന ലോക്സഭ മൂന്നു തവണ നിർത്തിവെച്ച് ചേർന്നുനോക്കിയിട്ടും അതിന് കഴിയാതെ ചൊവ്വാഴ്ച വരെ പിരിഞ്ഞു.
രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി. പശ്ചിമേഷ്യൻ സംഘർഷത്തിൽ വിദേശ മന്ത്രി നടത്തിയ പ്രസ്താവന ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ എം.പിമാർ ഒന്നടങ്കം പാർലമെന്റിനുമുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
രാവിലെ 11 മണിക്ക് സിറ്റിങ് എം.പിയുടെയും മുൻ എം.പിമാരുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനെ തുടർന്ന് 12 മണിക്ക് വീണ്ടും ചേർന്ന ലോക്സഭയിൽ വിദേശ മന്ത്രിയെ പ്രസ്താവനക്ക് വിളിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളേന്തി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു.
തുടർന്ന് മന്ത്രിയുടെ പ്രസ്താവനക്കുശേഷവും പ്രതിഷേധം തുടർന്നതോടെ മൂന്നുമണിവരെ സഭ നിർത്തി. മൂന്നുമണിക്കും പ്രമേയ ചർച്ച തുടങ്ങാനാവാതെ വന്നപ്പോൾ ചെയറിലുണ്ടായിരുന്ന ജഗദാംബികാ പാൽ ചൊവ്വാഴ്ചത്തേക്ക് സഭ പിരിയുകയാണെന്ന് അറിയിച്ചു.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോയ പ്രതിപക്ഷ എം.പിമാർ ലോക്സഭാ എം.പിമാർക്കൊപ്പം ചേർന്ന് പാർലമെന്റ് മന്ദിരത്തിനുമുന്നിൽ പ്രതിഷേധം തീർത്തു. സ്പീക്കർക്കെതിരായ പ്രമേയം ചൊവ്വാഴ്ച ചർച്ചക്കെടുക്കുമെന്ന് സർക്കാറും പ്രതിപക്ഷവും ഒരുപോലെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.