ന്യൂഡൽഹി: ഇന്ന് നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിരിമുറുക്കമേറ്റി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് അർധരാത്രി വലിയ ഇരുമ്പുപെട്ടികളുമായി വന്ന ഇരുമ്പു ട്രക്ക് ആർ.ജെ.ഡി പ്രവർത്തകർ പിടികൂടി.
വ്യാഴാഴ്ച പുലർച്ച രണ്ടിന് വോട്ടെണ്ണൽ കേന്ദ്രത്തിലെ സി.സി ടി.വി കാമറകൾ ഓഫ് ആക്കിയ ശേഷം സ്ഥാനാർഥികളെയും ഏജന്റുമാരെയും അറിയിക്കാതെ പെട്ടികൾ നിറച്ച ലോറി വന്നത് വോട്ടുയന്ത്രങ്ങൾ മാറ്റിവെക്കാനാണെന്നാരോപിച്ച് ആർ.ജെ.ഡി പ്രവർത്തകർ പാതിരാവിൽ വൻ പ്രതിഷേധമൊരുക്കി. നടപടിയുണ്ടായില്ലെങ്കിൽ വോട്ടുചോരി (വോട്ടുകൊള്ള) തടയാൻ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് പ്രവർത്തകരുമായി മാർച്ച് നടത്തുമെന്ന് ആർ.ജെ.ഡി നേതാക്കൾ മുന്നറിയിപ്പ് നൽകി. ബിഹാർ ഒന്നാം ഘട്ട വോട്ടെടുപ്പിൽ വോട്ടു ചെയ്തതിന്റെ നൂറുകണക്കിന് വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയതിനു ശേഷമാണ് ഇരുമ്പുപെട്ടികളുമായി പാതിരാവിൽ ലോറി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വന്നത്.
വോട്ടെണ്ണൽ സമയത്ത് ക്രമക്കേടുകൾ പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ, അതിനു മുമ്പേ അട്ടിമറി ശ്രമങ്ങൾ നടന്നെന്നും ബിഹാറിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് കൃഷ്ണ അല്ലാവുരു കുറ്റപ്പെടുത്തി.
വലിയ ഇരുമ്പുപെട്ടികളുമായി ലോറി എല്ലാവരും ഉറക്കത്തിലായ നേരത്ത് പുലർച്ച മൂന്നിന് സി.സി ടി.വി കാമറകൾ പ്രവർത്തനരഹിതമാക്കി സാസറാമിൽ ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിന് മുന്നിലെത്തിയതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. അതിന് ഒരു മണിക്കൂർ മുമ്പേ സ്ട്രോങ് റൂമിന് മുന്നിലെ സി.സി ടി.വികൾ പ്രവർത്തനരഹിതമായതോടെ വോട്ടുയന്ത്രങ്ങൾ മാറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ആർ.ജെ.ഡി സ്ഥാനാർഥികളും നൂറുകണക്കിന് ആർ.ജെ.ഡി പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി.
‘വോട്ട് ചോർ ഗദ്ദീ ഛോഡ്’ മുദ്രാവാക്യങ്ങളുമായി പുലർച്ച മൂന്നിന് ലോറി വളഞ്ഞ ആർ.ജെ.ഡി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ലോറി പരിശോധിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംഘർഷാവസ്ഥ അറിഞ്ഞ് രോഹ്താസ് ജില്ല മജിസ്ട്രേട്ടും ജില്ല പൊലീസ് സൂപ്രണ്ടും സംഭവ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.