സദ്ഭരണം എന്തെന്ന് യോഗി കേരളത്തെ കണ്ട് പഠിക്കട്ടെ -ശശി തരൂർ

ന്യൂഡൽഹി: നിതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചികയിൽ ഒന്നാമതുള്ള കേരളത്തെ പുകഴ്ത്തിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചും കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ ട്വീറ്റ്. കേരളം ആരോഗ്യമേഖലയിൽ യു.പിയെ കണ്ട് പഠിക്കണമെന്ന ആദിത്യനാഥിന്‍റെ പഴയ പ്രസ്താവനയുടെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ട്വീറ്റ്. ദേശീയ ആരോഗ്യ സൂചികയിൽ ഏറ്റവും പിന്നിലാണ് യു.പി.

'ആരോഗ്യരംഗം മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള രാഷ്ട്രീയവും യോഗി കേരളത്തിൽ നിന്ന് പഠിക്കുകയാണെങ്കിൽ രാജ്യത്തിന് ഉപകാരപ്പെടും. പകരം, രാജ്യത്തെ അവരുടെ നിലവാരത്തിലേക്ക് വലിച്ചു താഴ്ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്' -യോഗിയെ ടാഗ് ചെയ്തുകൊണ്ട് തരൂർ ട്വീറ്റ് ചെയ്തു.


കെ-റെയിൽ വിഷയത്തിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായി, സംസ്ഥാന സർക്കാറിന് അനുകൂലമാകുന്ന നിലപാട് സ്വീകരിച്ചതിന് തരൂർ ഏറെ വിമർശിക്കപ്പെട്ടിരുന്നു. കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ തരൂർ ഒപ്പുവെക്കാതിരുന്നത്​ വൻ വിവാദത്തിന്​ വഴിവെച്ചിരുന്നു. പാർട്ടിക്ക്​ വിധേയപ്പെട്ടി​ല്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാൽ, കെ-റെയിൽ പദ്ധതിയെ കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ നിലപാട് എടുക്കാനാകില്ലെന്നും അങ്ങനെയൊരു പഠനം നടക്കാതിരുന്നതിനാലാണ് കത്തിൽ താൻ ഒപ്പുവെക്കാതിരുന്നതെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു. കണ്ണടച്ച് ഒരു പദ്ധതിയെയും എതിർക്കുന്നത് ജനാധിപത്യത്തിൽ സ്വാഗതാർഹമായ നിലപാടല്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Let the Yogi see Kerala and learn what good governance is - Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.