ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ലശ്കറെ തയ്യിബ കമാൻഡർ സൈഫുല്ല കസൂരി (സൈഫുല്ല ഖാലിദ്) പാകിസ്താനിലെ പഞ്ചാബിൽ ഇന്ത്യാവിരുദ്ധ റാലിയിൽ പങ്കെടുക്കുന്നതിന്‍റെ വിഡിയോ പുറത്ത്. പാകിസ്താനിലെ രാഷ്ട്രീയ നേതാക്കൾക്കും ഭീകരർക്കുമൊപ്പം ബുധനാഴ്ച റാലിയിൽ പങ്കെടുക്കുന്നതിന്‍റെയും സ്റ്റേജിൽ പ്രസംഗിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പാകിസ്താൻ മർകസി മുസ്ലിം ലീഗ് (പി.എം.എം.എൽ) സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കസൂരിക്ക് പുറമെ ലശ്കറെ തയ്യിബ സ്ഥാപകൻ ഹാഫിസ് സയീദിന്‍റെ മകൻ തൽഹ സയീദ് ഉൾപ്പെടെയുള്ള ഭീകരരും റാലിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെന്ന പഴി തന്‍റെ തലയിലാണെന്നും, ഇപ്പോൾ തന്‍റെ പേര് ലോകംമുഴുവൻ അറിയാമെന്നും കസൂരി പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.
തൽഹ സയീദ് ഇന്ത്യക്കതിരെ ജിഹാദി മുദ്രാവാക്യങ്ങളുയർത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പി.എം.എം.എല്ലിന്‍റെ പിന്തുണയോടെ മത്സരിച്ച തൽഹ സയീദ് തോറ്റിരുന്നു. ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ ഓപറേഷൻ സിന്ദൂറിനു ശേഷം ലാഹോർ, കറാച്ചി, ഇസ്ലാമാബാദ്, ഫൈസാബാദ് തുടങ്ങി പ്രധാന നഗരങ്ങളിൽ പി.എം.എം.എൽ ഇന്ത്യാവിരുദ്ധ റാലികൾ സംഘടിപ്പിച്ചിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ഹാഫിസ് സയീദിന്‍റെ പിന്തുണയോടെയാണ് ഈ റാലികൾ നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പഹൽഗാമിലെ ബൈസരൺ പുൽമേടിൽ ഏപ്രിൽ 22നാണ് ഭീകരാക്രമണമുണ്ടായത്. ലശ്കറെ തയ്യിബയുമായി ബന്ധമുള്ള ദ റസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തമേറ്റിരുന്നു. 26 പേരാണ് ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ആസൂത്രകൻ കസൂരിയാണെന്ന് ഇന്‍റലിജൻസ് വിങ് കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.