Representational Image
ബംഗളൂരു: നോർത്ത് ബംഗളൂരുവിലെ ജനവാസമേഖലയിൽ പുള്ളിപ്പുലികളെ കണ്ടെത്തി. ഹെസാരഘട്ട-യെലഹങ്ക പ്രദേശത്താണ് രണ്ട് പുള്ളിപ്പുലികളെ കണ്ടെത്തിയത്. പുള്ളിപ്പുലികളുടെ ദൃശ്യങ്ങൾ സി.സിടിവി കാമറയിൽ പതിഞ്ഞതായി കർണാടക വനം വകുപ്പ് അറിയിച്ചു. പുലിയെ കണ്ടാൽ 1926 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ജനുവരി 23ന് പ്രദേശത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സി.സി.ടിവി കാമറയിലാണ് പാർക്കിങ് സ്ഥലത്ത് പുലികൾ അലഞ്ഞു തിരിയുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ജനുവരി 28ന് ആനേക്കലിനടുത്ത് ജിഗാനിയിലെ വരുണ ലേഔട്ടിൽ അലഞ്ഞു തിരിഞ്ഞ പുലിയെ വനം വകുപ്പ് പിടികൂടിയിരുന്നു.
പാതയോരങ്ങളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തേടിയെത്തുന്ന തെരുവുനായ്ക്കളെ പിടികൂടാനാണ് പുലി എത്തുന്നതെന്ന് ബംഗളൂരു അർബൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എൻ. രവീന്ദ്ര കുമാർ എൻ.ഡി ടിവിയോട് പറഞ്ഞു.
പുള്ളിപ്പുലികളെ കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്തെ താമസക്കാർക്കായി വനം വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുലിയെ കണ്ടാൽ വൈൽഡ് ലൈഫ് ഹെൽപ്പ് ലൈനിൽ വിളിക്കാനും മതിയായ അകലം പാലിക്കാനും മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.
സുരക്ഷയും ജാഗ്രതയും ഉറപ്പാക്കാൻ താമസക്കാർക്കും ആർ.ഡബ്ല്യു.എകൾക്കും പൊതുജന ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നുണ്ട്. പുലിയെ കണ്ടാൽ ഏതുവിധത്തിൽ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിക്കാൻ വിദഗ്ധരെയും വനം വകുപ്പ് സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് ശക്തമാക്കി. പുലികളെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ ആകർഷിക്കുന്ന തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് താമസക്കാർ ഉറപ്പാക്കണമെന്നും അല്ലെങ്കിൽ പുലികൾ ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഇടയാക്കുമെന്നും അധികൃതർ അറിയിച്ചു.
അടുത്തിടെ, മൈസൂരു ബാനശങ്കരിയിലെ ഇൻഫോസിസ് കാമ്പസിൽ പുലിയെ കണ്ടതിനെ തുടർന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി അധികൃതർ നിർദേശം നൽകിയിരുന്നു. സംഭവം ഇൻഫോസിസ് ഗ്ലോബൽ എജ്യുക്കേഷൻ സെന്‍ററിലെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുക വഴി 4,000തോളം ട്രെയിനികളെ പ്രതികൂലമായി ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.