നടി രന്യ റാവു
ഹൈദരാബാദ്: ആദ്യമായാണ് ദുബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് സ്വർണം കടത്തുന്നതെന്ന് സ്വർണക്കടത്ത് കേസിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള നടി രന്യ റാവു. ചോദ്യം ചെയ്യലിനിടെയാണ് നടിയുടെ വെളിപ്പെടുത്തൽ. ദുബൈയിൽ നിന്ന് സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടാണ് രന്യയെ കസ്റ്റഡിയിലെടുത്തത്. തനിക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് നിരവധി കോളുകൾ ലഭിച്ചിരുന്നുവെന്ന് പറഞ്ഞ രന്യ യൂട്യൂബ് വിഡിയോകൾ വഴിയാണ് സ്വർണം ഒളിപ്പിക്കുന്നതിനെ കുറിച്ച് മനസിലാക്കിയതെന്നും മൊഴി നൽകി.
കർണാടക ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യത്തെ ബന്ധത്തിലുള്ള മകളാണ് രന്യ. 14.2 കി.ഗ്രാം സ്വർണവുമായാണ് ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് രന്യയെ ഡി.ആർ.ഐ അധികൃതർ കസ്റ്റഡിയിലെടുത്തത്. 12.56 കോടി രൂപയുടെ സ്വർണം ബിസ്കറ്റ് രൂപത്തിൽ ദേഹത്തൊളിപ്പിച്ച് കടത്തുകയായിരുന്നു.
'മാർച്ച് ഒന്നിന് എനിക്ക് വിദേശ ഫോൺ നമ്പറിൽ നിന്ന് വിളി വന്നു. രണ്ടാഴ്ചക്കിടെ വിദേശത്തുള്ള നിരവധി അജ്ഞാത നമ്പറുകളിൽ നിന്നും കാളുകൾ ലഭിച്ചു. ദുബൈ വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെർമിനലിന്റെ ഗേറ്റിലേക്ക് എത്താനായിരുന്നു നിർദേശം ലഭിച്ചത്. ദുബൈ വിമാനത്താവളത്തിൽ നിന്ന് സ്വർണം സ്വീകരിച്ച് ബംഗളൂരിലെത്തിക്കാനായിരുന്നു നിർദേശം കിട്ടിയത്.''-രന്യ പറഞ്ഞു.
ദുബൈയിൽ നിന്ന് ആദ്യമായാണ് ബംഗളൂരുവിലേക്ക് സ്വർണം കടത്തുന്നത്. ദുബൈയിൽ നിന്ന് ഇതിനു മുമ്പ് സ്വർണം വാങ്ങിച്ചിട്ട് പോലുമില്ല.-രന്യ പറഞ്ഞു. നേരത്തേ നൽകിയ മൊഴികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് നടിയുടെ മൊഴി. സ്വർണം കടത്തിയിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നുമായിരുന്നു ചോദ്യം ചെയ്യലിനിടെ നേരത്തേ നടി ആവർത്തിച്ചത്. ആ മൊഴിയിലാണ് മലക്കം മറച്ചിൽ സംഭവിച്ചത്.
സ്വർണം ശരീരത്തിൽ ഒട്ടിച്ചുവെക്കാനുള്ള ബാൻഡേജും കത്രികയും വിമാനത്താവളത്തിൽ നിന്ന് വാങ്ങി. വിമാനത്താവളത്തിലെ വിശ്രമമുറിയിൽ പോയി സ്വർണക്കട്ടികൾ ശരീരത്തിൽ ഒളിപ്പിച്ചുവെച്ചു.
''രണ്ടു പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ പായ്ക്കറ്റുകളായാണ് സ്വർണം കിട്ടിയത്. ജീൻസിനും ഷൂവിനും അകത്തായാണ് സ്വർണം ഒളിപ്പിച്ചത്. ഇതെല്ലാം യൂട്യൂബ് വിഡിയോകളിൽ നിന്ന് മനസിലാക്കിയത്.''-രന്യ പറഞ്ഞു.
അതേസമയം, സ്വർണക്കടത്തിനായി നിയോഗിച്ച സംഘങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അവർ തുറന്നുപറഞ്ഞു. ആഫ്രിക്കൻ-അമേരിക്കൻ ശൈലിയിലായിരുന്നു വിളിച്ചയാളുടെ സംസാരം. സുരക്ഷാ പരിശോധനക്ക് ശേഷം അയാൾ സ്വർണം കൈമാറി. ഇതിന് മുമ്പ് അയാളെ കണ്ടിട്ടില്ല. അയാൾക്ക് ആറടി നീളം കാണും. നല്ല വെളുത്ത നിറമാണ്. അജ്ഞാതനായ മറ്റൊരു വ്യക്തിക്ക് സ്വർണം കൈമാറാനാണ് എന്നോട് പറഞ്ഞത്. വിമാനത്താവളത്തിലെ ടോൾ ഗേറ്റിൽ എത്തിയാലുടൻ സർവീസ് റോഡിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ ഒരു ഓട്ടോറിക്ഷ നിർത്തിയിട്ടുണ്ടാകുമെന്നും അതാണ് സിഗ്നലെന്നും പറഞ്ഞു. എന്നാൽ ഓട്ടോയുടെ നമ്പർ വെളിപ്പെടുത്തിയില്ല.''-നടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജതിൻ വിജയ് കുമാറിന്റെ ക്രെഡിറ്റ് കാർഡാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ചതെന്നും അവർ വെളിപ്പെടുത്തി. ഫോട്ടോഗ്രാഫിക്കും റിയൽ എസ്റ്റേറ്റ് ബിസിനസിനുമാണ് വിദേശത്ത് പോകാറുള്ളത്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ ഇത്തരത്തിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ടെന്നും നടി പറഞ്ഞു. സ്വർണക്കടത്തുകാരെ കുറിച്ചുള്ള വിവരങ്ങൾക്കായി നടിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പരിശോധിക്കുകയാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.