ഗുവാഹത്തി: ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ വൻ ആഭ്യന്തര കലഹം. തുടർച്ചയായ മൂന്നാം തവണയും അധികാരം പിടിക്കാനിറങ്ങുന്ന ബി.ജെ.പിക്ക് അസം നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയായി ഉൾപ്പാർട്ടി തർക്കങ്ങളും വിമത നീക്കങ്ങളും. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കാനിരിക്കെ, സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള ഭിന്നതകൾ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് ഗുണകരമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാക്കളും നിലവിലെ എം.എൽ.എമാരും വിമതരായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പാർട്ടി അധ്യക്ഷൻ ദിലീപ് സൈകിയയും അനുനയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പ്രദ്യുത് ബൊർദൊലോയ്, ഭൂപൻ ബോറ എന്നിവർക്ക് യഥാക്രമം ദിസ്പൂർ, ബിഹ്പുരിയ മണ്ഡലങ്ങളിൽ സീറ്റ് നൽകിയതാണ് വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ബി.ജെ.പിയെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോൺഗ്രസ് ബി.ജെ.പി ആക്കി മാറ്റുകയാണെന്നും പഴയകാല പ്രവർത്തകരെ അവഗണിക്കുകയാണെന്നും വിമതർ ആരോപിക്കുന്നു. 2015ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയശേഷം പാർട്ടിയെ തന്റെ കൈപ്പിടിയിലൊതുക്കാനാണ് ഹിമന്ത ശ്രമിക്കുന്നത്. അസം ബി.ജെ.പിയിൽ ഹിമന്തക്കെതിരായ പടപ്പുറപ്പാട് ശക്തമായത് ദേശീയ നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാർട്ടി വിട്ട പ്രമുഖ നേതാക്കൾ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഹിമന്ത ബിശ്വ ശർമ സർക്കാരിലെ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായിരുന്ന നന്ദിതക്ക് സീറ്റ് നൽകാത്തത് അപ്രതീക്ഷിതമായിരുന്നു. പാർട്ടി വിട്ട അവർ ഹാഫ്ലോങ്ങിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടുന്നു. കാട്ടിഗോറയിലെ മുൻ ബി.ജെ.പി എം.എൽ.എ അമർ ചന്ദും കോൺഗ്രസിൽ ചേർന്ന് അവിടുത്തെ സ്ഥാനാർഥിയായി മാറി.
ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജയന്ത കുമാർ ദാസ് പാർട്ടി വിട്ട് ദിസ്‌പൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. കോൺഗ്രസിൽ നിന്നെത്തിയ പ്രദ്യുത് ബൊർദൊലോയിക്ക് ഇവിടെ സീറ്റ് നൽകിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മുൻ സംസ്ഥാന അധ്യക്ഷൻ സിദ്ധാർഥ ഭട്ടാചാര്യ, അഞ്ച് തവണ എം.എൽ.എയായ അതുൽ ബോറ എന്നിവരെ ഒഴിവാക്കിയത് അണികൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
സീറ്റ് വിഭജനത്തിൽ സഖ്യകക്ഷിയായ അസം ഗണ പരിഷത്തുമായി (എ.ജി.പി) ധാരണയിലെത്താൻ കഴിയാത്തത് എൻ.ഡി.എ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കും. ശിവസാഗറിൽ എ.ജി.പിയുടെ പ്രദീപ് ഹസാരികയും ബി.ജെ.പിയുടെ കുശാൽ ഡോവാരിയും നേർക്കുനേർ മത്സരിക്കുന്നു. ഇത് റായ്‌ജോർ ദൾ തലവൻ അഖിൽ ഗൊഗോയിക്ക് വിജയസാധ്യത വർധിപ്പിക്കുന്നു.
പുതുതായി രൂപീകരിച്ച ചമരിയ മണ്ഡലത്തിലും ബി.ജെ.പിയും എ.ജി.പിയും തമ്മിൽ 'സൗഹൃദ മത്സരം' നടക്കുകയാണ്. നിലവിലെ പ്രതിസന്ധികളെ ബി.ജെ.പി നേതൃത്വം നിസാരവൽക്കരിക്കുകയാണ്. വലിയൊരു പാർട്ടിയിൽ സീറ്റിനായി കൂടുതൽ പേർ രംഗത്തുവരുന്നത് സ്വാഭാവികമാണെന്നും, അസംതൃപ്തിയുള്ളവർ വൈകാതെ പാർട്ടിയിലേക്ക് മടങ്ങിവരുമെന്നും ബി.ജെ.പി വക്താവ് രൂപം ഗോസ്വാമി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.