ന്യൂഡൽഹി: കോക്ക്‌റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ ക്രമസമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ട രണ്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എഫ്.എഫ്) ജവാന്മാർക്ക് നേരെ അതിക്രമം നടന്ന സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സമരം ചെയ്ത ഒരു കൂട്ടം ആളുകൾ ചേർന്ന് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് എഫ്.ഐ.ആർ ഇട്ടത്.
ആർ.എഫ്.എഫ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു എന്നത് ശരിയാണെന്ന് സ്ഥിരീകരിച്ച ന്യൂഡൽഹി ഡി.സി.പി സച്ചിൻ ശർമ്മ, സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താൻ എഫ്.ഐ.ആർ എടുത്തതായി വ്യക്തമാക്കുകയുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ഈശ്വർ സിങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ ജവാനും ആക്രമണത്തിന് ഇരയായത്.
ചോദ്യപേപ്പർ ചോർച്ച പരീക്ഷകളിലെ ക്രമക്കേടുകൾ എന്നിവയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.ജെ.പിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്. ദിവസങ്ങൾ നീണ്ട ഉപവാസ സമരത്തിന് ശേഷമാണ് വിദ്യാർത്ഥികളും പ്രതിഷേധക്കാരും തെരുവിലിറങ്ങിയത്. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കാരണം സംഘർഷഭരിതമായ സാഹചര്യത്തിൽ ഗൂഢാലോചന, കലാപശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് ഇതിനോടകം തന്നെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.