ഹൈദരാബാദിൽ അഭിഭാഷകൻ കാറിടിച്ചു മരിച്ച സംഭവം; അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നേതാവും മകനുമടക്കം 7 പേർ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രമുഖ അഭിഭാഷകൻ ഖാജാ മൊയ്‌സുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നത നേതാവും മകനുമടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 23നായിരുന്നു മസാബ് ടാങ്കിലെ വസതിക്ക് പുറത്തുവെച്ച് മൊയ്‌സുദ്ദീനെ ആസൂത്രിതമായി കാറിടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. ഇത് വെറുമൊരു റോഡപകടമല്ലെന്നും വഖഫ് ഭൂമി തർക്കങ്ങളെ തുടർന്നുള്ള അന്തർസംസ്ഥാന ക്വട്ടേഷൻകാരുടെ കരാർ കൊലപാതകം ആണെന്നും വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.

വഖഫ് ഭൂമികളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തിരുന്നതിനെ തുടർന്ന് തന്റെ പിതാവിന് മാസങ്ങളായി വധഭീഷണിയുണ്ടായിരുന്നുവെന്ന് മൊയ്‌സുദ്ദീന്റെ മകൻ ഫർഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രദേശത്തെ പ്രമുഖരായ മഹ്ബൂബ് ആലം ഖാൻ, മകൻ മുജാഹിദ് ആലം ഖാൻ എന്നിവർക്കെതിരെയായിരുന്നു പരാതി. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ അഞ്ചോളം തവണ തന്റെ പിതാവിന് നേരെ ഇതേ കേസുകളുമായി ബന്ധപ്പെട്ട് ആക്രമണം ഉണ്ടായിട്ടുണ്ടെന്നും മകൻ വെളിപ്പെടുത്തി.

കേസിലെ പ്രധാന പ്രതികളായ മഹ്ബൂബ് ആലം ഖാനെയും മുജാഹിദ് ആലം ഖാനെയും ഹരിയാനയിൽ വെച്ചാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവരെ പൊലീസ് പിടികൂടിയത്. ഇതിൽ മുജാഹിദ് ആലം ഖാൻ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടി.പി.സി.സി) വൈസ് പ്രസിഡന്റും മേദക് പാർലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരനുമാണ്. മഹ്ബൂബ് ആലം ഖാൻ പ്രമുഖ വിദ്യാഭ്യാസ സമിതിയായ അൻവർ-ഉൽ-ഉലൂം എജുക്കേഷണൽ അസോസിയേഷന്റെ സെക്രട്ടറിയാണ്.

കേസിലെ മറ്റൊരു പ്രതിയായ വിനയ് എന്നയാളെ മേയ് 24-ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനയും സംഘവും കഴിഞ്ഞ ആറുമാസമായി അഭിഭാഷകന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം നാഗർകുർണൂലിലേക്ക് കടന്ന ഇവരെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.

ഹൈദരാബാദിലെ പ്രമുഖ അഭിഭാഷകന്റെ കൊലപാതകം നഗരത്തിലെ നിയമ-രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ക്രിമിനൽ ശൃംഖലയെ പൂർണമായും പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും നിലവിൽ ശക്തമാണ്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Lawyer hit and killed by car in Hyderabad; 7 people including All India Congress Committee leader and son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.