നിയമ വഴിയിൽ പുതിയ തുടക്കം; തുറന്ന ജയിലിൽ അപൂർവ്വ വിവാഹച്ചടങ്ങ്

രാജസ്ഥാൻ: വിവാഹത്തിന് സാക്ഷ്യം വഹിച്ച് രാജസ്ഥാനിലെ ജോധ്പൂർ മാണ്ഡോർ ജയിൽ. തുറന്ന ജയിലിൽ ഇന്നലെയാണ് അപൂർവ്വമായ വിവാഹച്ചടങ്ങ് നടന്നത്. വരൻ മൂലാറാം ഭാട്ടി (33), വധു സീമ ഘാട്സെ (31). ഇരുവരും ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. രാജസ്ഥാൻ ഹൈകോടതിയുടെ പ്രത്യേക വിധി പ്രകാരമായിരുന്നു ജയിലിൽ വിവാഹം നടന്നത്. കുടുംബാംഗങ്ങൾ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരടക്കം 21 പേരെ സാക്ഷിയാക്കിയാണ് വിവാഹം നടന്നത്.

വിവാഹത്തിനായി വരൻ മൂലാറാം ഭാട്ടി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. ഈ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് പി.എസ്. ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്നാഗർ എന്നിവരടങ്ങിയ രാജസ്ഥാൻ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരസ്പര സമ്മതത്തോടെ രണ്ട് വ്യക്തികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് വിധി പ്രഖ്യാപിച്ച് കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശ പ്രകാരം ശിക്ഷ അനുഭവിച്ചു വരുന്നുവെന്ന കാരണത്താൽ തടവുകാർക്ക് വിവാഹം കഴിക്കാനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നടപടികൾ തടവുകാരുടെ പുനരധിവാസത്തിനും സമൂഹത്തിലേക്ക് മടങ്ങിവരുന്നതിനും സഹായിക്കുമെന്നും ആയിരുന്നു കോടതിയുടെ നിരീക്ഷണം.

തുറന്ന ജയിലിൽ വിവാഹം നടത്തുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു വിവാഹം. ജയിൽ അധികൃതരുടെ മേൽനോട്ടത്തിൽ ചടങ്ങ് നടത്താൻ ഹൈകോടതി നിർദേശിക്കുകയായിരുന്നു. ചടങ്ങുകൾ നടത്താനും മേൽനോട്ടം വഹിക്കാനും പുരോഹിതനടക്കം 21 അതിഥികൾക്ക് കോടതി അനുമതി നൽകിയിരുന്നു.

അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ 2017 ഫെബ്രുവരി മുതൽ മൂലാറാം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സീമയും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. നല്ല നടപ്പ് കണക്കിലെടുത്ത് ഇരുവരേയും പിന്നീട് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Tags:    
News Summary - A new beginning on the legal path; A rare wedding ceremony in an open prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.