മധ്യപ്രദേശിൽ ആദിവാസി കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡൽഹി: മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മൂന്ന് മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. മോണിക്ക സിങ്, ബിന്ദു ഗുർജർ, ലോകഭദ്ര സിങ് എന്നിവരുടെ അക്കൗണ്ടുകളാണ് ഇൻസ്റ്റഗ്രാം മരവിപ്പിച്ചത്. ബുധനാഴ്ച രാവിലെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചതായാണ് വിവരം.

മൂന്ന് മാസത്തിനിടെ മുപ്പതോളം കുട്ടികൾ മരിച്ച സംഭവമാണ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. ബാലാഘട്ടിലെ ആദിവാസി കുട്ടികളുടെ മരണം, പ്രതിഷേധങ്ങൾ, ആശുപത്രികളുടെ മോശം അവസ്ഥ, ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. അക്കൗണ്ടുകൾ സസ്​പെന്റ് ചെയ്തതിന്റെ കാരണം ഇൻസ്റ്റഗ്രാം വ്യക്തമാക്കിയിട്ടില്ല.

ഇത്തരം സമ്മർദ്ദങ്ങൾക്ക് മുമ്പിൽ പിന്മാറില്ലെന്നും ആത്മവിശ്വാസം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അക്കൗണ്ട് പുനസ്ഥാപിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകനായ ലോകഭദ്ര സിങ് പ്രതികരിച്ചു. ബാലാഘട്ടിൽ മൂന്ന് മാസത്തിനിടെ 30ഓളം ആദിവാസി കുട്ടികൾ മരിച്ചിരുന്നു. മേഖലയിൽ അഞ്ചാംപനിയും മലേറിയയും പൊട്ടിപ്പുറപ്പെട്ടത് രണ്ടുമാസത്തിന് ശേഷമാണ് അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബൈഗ, ഗോണ്ട് ഗോത്ര വിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് മരിച്ചവരിൽ ഏറെയും.

സംഭവത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു. നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സ്വകാര്യമായി കൂടിക്കാഴ്ച നടത്താൻ ജില്ലാ അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും സമ്മർദ്ദം ചെലുത്തിയിരുന്നതായും പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു. മാധ്യമപ്രവർത്തകർ കൂടിക്കാ​ഴ്ച നടത്താൻ തയാറാകാതിരുന്നതിനെ തുടർന്ന് ഹോട്ടൽ മുറികൾ ഒഴിയാൻ ആവശ്യപ്പെട്ടതായും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ രണ്ടു ദിവസത്തോളം ഇവരെ പിന്തുടർന്ന് നീക്കങ്ങൾ നിരീക്ഷിച്ചതായും കൂട്ടിച്ചേർത്തു.

Tags:    
News Summary - MP Child Deaths Instagram Suspends 3 Journalists accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.