ന്യൂഡൽഹി: നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഏക സിവിൽ കോഡ് വേണ്ടെന്ന് നിയമ കമീഷൻ. അത് ആവശ്യമുള്ളതല്ല; അഭിലഷണീയവുമല്ല. സമുദായങ്ങൾ തമ്മിലുള്ള സമീകരണത്തേക്കാൾ, സമുദായങ്ങൾക്കുള്ളിൽ സ്ത്രീയും പുരുഷനുമായുള്ള തുല്യത ഉറപ്പാക്കുന്ന കാര്യമാണ് നിയമനിർമാണ സഭ ആദ്യം പരിഗണിക്കേണ്ടെതന്ന് കമീഷൻ വിലയിരുത്തി. ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായ നിയമ കമീഷൻ, പ്രവർത്തന കാലാവധി അവസാനിച്ച വെള്ളിയാഴ്ച വ്യക്തിനിയമ പരിഷ്കരണങ്ങളെക്കുറിച്ച് പുറത്തിറക്കിയ ചർച്ചരേഖയിലാണ് നിലപാട് വ്യക്തമാക്കിയത്. ഏക സിവിൽകോഡ് ബി.ജെ.പിയുടെ അജണ്ടയായി തുടരുേമ്പാഴാണ് നിയമകമീഷെൻറ അഭിപ്രായം.
ഏക സിവിൽകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ 2016 ജൂണിൽ നരേന്ദ്ര മോദി സർക്കാറാണ് നിയമകമീഷനെ ചുമതലപ്പെടുത്തിയത്. മുസ്ലിം വ്യക്തിനിയമ പരിഷ്കരണം, മുത്തലാഖ് നിരോധനം തുടങ്ങിയ ചർച്ചകൾ കൊഴുപ്പിച്ചുകൊണ്ടാണ് ഏക സിവിൽകോഡ് വിഷയം പഠിക്കാനുള്ള ദൗത്യം മോദി സർക്കാർ നിയമ കമീഷനെ ഏൽപ്പിച്ചത്.
എന്നാൽ, അതനുസരിച്ച് അന്തിമ റിപ്പോർട്ടല്ല കമീഷൻ സമർപ്പിച്ചത്. പകരം ചർച്ചാരേഖ മുന്നോട്ടുവെക്കുകയാണ് ചെയ്തത്. കമീഷെൻറ പ്രധാന കാഴ്ചപ്പാടുകൾ ഇവയാണ്:
ഏക സിവിൽകോഡിെൻറ കാര്യത്തിൽ രാജ്യത്ത് സമവായമില്ല. വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിർത്തുകയാണ് ഏറ്റവും ഉചിതമായ നിലപാട്. ഒപ്പം, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമല്ല വ്യക്തിനിയമങ്ങളെന്ന് ഉറപ്പുവരുത്തണം.
വ്യതിരിക്തത അംഗീകരിക്കുന്നതിലേക്കാണ് മിക്ക രാജ്യങ്ങളും ഇപ്പോൾ നീങ്ങുന്നത്. വ്യത്യാസം നിലനിൽക്കുന്നതു കൊണ്ട് വിവേചനമുണ്ട് എന്നർഥമില്ല. സാമുദായികമായ വ്യത്യാസങ്ങൾ വിവേചനമല്ല, ഉൗഷ്മളമായ ജനാധിപത്യത്തിെൻറ സൂചനയാണ്. പല വ്യക്തി നിയമങ്ങൾ ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യം എടുത്തുകാട്ടുേമ്പാൾ തന്നെ, സമൂഹത്തിെൻറ ദുർബല വിഭാഗങ്ങൾ തഴയപ്പെടരുത്. വ്യതിരിക്തത ഇല്ലാതാക്കിക്കൊണ്ടല്ല ഇതിന് പരിഹാരം ഉണ്ടാക്കേണ്ടത്.
കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തിനിയമങ്ങളും പരമാവധി ഏകീകരിക്കണം. അസമത്വങ്ങൾ ഭേദഗതികളിലൂടെ നീക്കണം. ഗാർഹിക പീഡന നിരോധന നിയമം, ക്രൂരത തടയാനുള്ള ഇന്ത്യൻ ശിക്ഷാനിയമ വ്യവസ്ഥകൾ എന്നിവ പ്രകാരം ഏകപക്ഷീയ വിവാഹമോചനം ശിക്ഷാർഹമാക്കണം. മുത്തലാഖ് നിരോധിക്കുക വഴി നിക്കാഹ് ഹലാലക്ക് സ്വാഭാവിക നിയന്ത്രണമാകും.
ഇസ്ലാമിൽ ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ അത് അപൂർവമാണ്. മറ്റു സമുദായങ്ങളിൽനിന്ന് ഇസ്ലാം സ്വീകരിക്കുന്നവർ മറ്റൊരു വിവാഹത്തിന് സാധുത നൽകാൻ അത് ദുരുപയോഗിക്കുന്നുണ്ട്.
വിവാഹശേഷം സമ്പാദിക്കുന്ന സ്വത്ത് ദമ്പതികളുടെ പൊതുസ്വത്തായി കണക്കാക്കണം. കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്കു വേണ്ട തൊഴിൽ സാധ്യതകൾ നഷ്ടമാവുന്നത് മിക്കവാറും സ്ത്രീകൾക്കാണ്. ജീവനാംശത്തിനുള്ള അവകാശം പലപ്പോഴും കാറ്റിൽ പറത്തുന്നുവെന്നിരിക്കേ, ഇൗ ആശയം മുന്നിൽവെച്ച് മുസ്ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണം.
നികുതി വെട്ടിപ്പിന് വഴിയൊരുക്കുന്ന ഹിന്ദു നിയമത്തിലെ കൂട്ടുകുടുംബ ആനുകൂല്യങ്ങൾ എടുത്തുകളയണം. സംയുക്ത പിന്തുടർച്ചാവകാശ രീതിയും ഇല്ലാതാക്കണം. പാഴ്സി തുടങ്ങി മറ്റു സമുദായങ്ങളിലെ ചില വിഷയങ്ങളും കമീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്.എല്ലാ കുടുംബ നിയമങ്ങളിലെയും വിവേചനപരമായ വ്യവസ്ഥകൾ മുൻനിർത്തി നിയമപരമായി സാധ്യമായ നടപടികൾ നിർദേശിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിയമ കമീഷൻ വിശദീകരിച്ചു. അങ്ങനെ ചെയ്യുക വഴി രാജ്യത്തിെൻറ സാംസ്ക്കാരിക സാമൂഹിക സ്വഭാവം രൂപപ്പെടുത്തുന്ന നാനാത്വവും ബഹുസ്വരതയും സംരക്ഷിക്കണമെന്നാണ് താൽപര്യമെന്നും കമീഷൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.